നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു; തീരുമാനം മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ യോഗത്തിലാണ് ഈ മാസം 19 വരെ പണിമുടക്കിലേക്ക് കടക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് തീരുമാനം.

നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്‍മാറി ചര്‍ച്ചയ്ക്ക് സന്നദ്ധമാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ആശുപത്രികള്‍ അടച്ചിടുന്ന സ്ഥിതി ഉണ്ടാകരുത്. ജനങ്ങളെക്കൂടി ഒപ്പം നിര്‍ത്താന്‍ നഴ്‌സുമാരുടെ സംഘടനകള്‍ ശ്രദ്ധിക്കണം. എസ്മ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും യുഎന്‍എ ഭാരവാഹികളെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ സംഘടന തീരുമാനിച്ചത്.

സുപ്രീംകോടതി നിശ്ചയിച്ച മിനിമം വേതനം നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയത്. സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here