ദിലീപിന്റെ രണ്ടു ഫോണുകള്‍ കോടതിയില്‍; ശാസ്ത്രിയ പരിശോധന നടത്തണമെന്ന് പ്രതിഭാഗത്തിന്റെ ആവശ്യം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റത്തില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അല്‍പ്പസമയത്തിനുള്ളില്‍ വിധി പറയുമെന്നാണ് സൂചന.

വാദങ്ങള്‍ക്കിടെ പ്രതിഭാഗം രണ്ടു മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ സമര്‍പിച്ചു. ഇത് കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രിയ പരിശോധനയ്ക്ക് വിധേയമാക്കമെന്ന് ആവശ്യപ്പെട്ടു. ഇത് ദിലീപ് ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണുകളാണ്. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍ രാംകുമാര്‍ കോടതിയില്‍ പറഞ്ഞു. ഒന്നാം പ്രതിയുടെ മൊഴി മാത്രം കണക്കിലെടുത്ത് ദിലീപിനെ പ്രതിയാക്കാനാണ് ശ്രമം നടക്കുന്നതെന്നും രാംകുമാര്‍ വാദിച്ചു.

കൊടുംകുറ്റവാളിയായ സുനിയുടെ മൊഴി വിശ്വസിച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ട് പൂര്‍ണമായും കളവാണ്. കത്തിലെഴുതിയ കാര്‍ നമ്പരിന് പ്രാധാന്യമില്ല. മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും കിട്ടിയെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുതെന്നും മാധ്യമങ്ങള്‍ ജഡ്ജി ചമയുകയാണെന്നും പ്രതിഭാഗം വാദിച്ചു.

അതേസമയം, പൊലീസ് കണ്ടെടുക്കുമെന്ന് ഭയന്നാണ് പ്രതിഭാഗം മൊബൈല്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യമില്ല കുറ്റമാണ് ദിലീപ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് അഭിമുഖങ്ങളില്‍ നടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസില്‍ അന്വേഷണം തുടരുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഇര സ്ത്രീയാണെന്നിരിക്കെ ഇത്തരം പ്രചരണങ്ങള്‍ പാടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മാനേജര്‍ അപ്പുണിക്ക് വേണ്ടിയും അന്വേഷണം തുടരുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ നിര്‍ദേശിച്ചെങ്കിലും അയാള്‍ എത്തിയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ പ്രധാന തെളിവായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ കണ്ടെടുക്കണമെങ്കില്‍ ദിലീപിന്റെ കസ്റ്റഡി തുടരണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. ദിലീപിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ദിലീപിനെ ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News