തിരുവനന്തപുരം: പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് അങ്കമാലി കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. കോടതി മുഖവിലക്കെടുത്തത്, ദിലീപിന് അനുകൂല പ്രചരണങ്ങള്‍ നടത്തുന്ന പിആര്‍ ഏജന്‍സികളുടെ ഇടപെടലും നടിയെ മോശക്കാരിയായി ചിത്രീകരിക്കുന്ന അഭിമുഖവുമാണ്.
ദിലീപ് ജയിലില്‍ കഴിയുമ്പോള്‍ തന്നെ, ആക്രമിക്കപ്പെട്ട നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍പ്രചരണം നടക്കുന്നുണ്ട്. ദിലീപിന്റെ സ്വാധീനം കൊണ്ടാണിത്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിച്ചാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് അഭിമുഖങ്ങളില്‍ നടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഇര സ്ത്രീയാണെന്നിരിക്കെ ഇത്തരം പ്രചരണങ്ങള്‍ പാടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ മുഖവിലക്കെടുത്തതാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. നടിയെ മോശമായി ചിത്രീകരിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകളും വീഡിയോകളും പ്രോസിക്യൂഷന്‍ കോടതിയെ കാണിച്ചു.
ദിലീപിന് അനുകൂലമായി വാര്‍ത്ത ചമയ്ക്കുന്ന പിആര്‍ ഏജന്‍സി എറണാകുളം കേന്ദ്രമാക്കിയുള്ളതാണ്. ജയിലിലായ ദിലീപിന്റെ പ്രതിഛായ ഉറപ്പ് വരുത്താനാണ് നടനോട് അടുത്ത കേന്ദ്രങ്ങള്‍ പിആര്‍ ഏജന്‍സിക്ക് പണം നല്‍കിയിരിക്കുന്നത്. നടന്റെ മുന്‍കാല ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പറ്റിയുളള നിറം പിടിപ്പിച്ച കഥകള്‍ ഫാന്‍സ് അസോസിയേഷന്റെ വാട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ സജീവമായി എത്തുന്നുണ്ട്. ഒപ്പം വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളേയും കളിയാക്കും വിധത്തില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ടെന്നാണ് വിലയിരുത്തല്‍.
ആരുടെയോ നിര്‍ദ്ദേശം ലഭിച്ച പോലെയാണ് ചിലരുടെ കമന്റുകള്‍ അത്രയും. വാര്‍ത്ത മാധ്യമങ്ങളുടെ സൈറ്റുകള്‍ക്ക് താഴെയും സോഷ്യല്‍മീഡിയ പേജുകളിലും ഒരേ കമന്റുകള്‍ ആവര്‍ത്തിച്ച് വരുന്നുണ്ട്. എന്നാല്‍ ആരും പരാതിയുമായി രംഗത്ത് വരാത്തതിനാല്‍ അന്വേഷണം ആരംഭിച്ചിട്ടില്ല. ദിലീപിന് വേണ്ടി ഫേസ്ബുക്കിലൂടെ തെറി എഴുതി വിടുന്ന ചില പ്രൊഫൈലുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്.
അശ്ലീല കമന്റുകള്‍ എഴുതിയ ഫാന്‍സ് അസോസിയേഷന്‍ നേതാക്കളുടെ ഫേസ്ബുക്ക് പേജും പൊലീസ് നിരീക്ഷണത്തിലാണ്. ആക്രമത്തിന് ഇരയായ നടിയെ അപകീര്‍ത്തിപെടുത്തുകയോ അവരെ പിന്തുണക്കുന്നവര്‍ക്കെതിരെ അശ്ശീല കമന്റുകള്‍ എഴുതുകയോ ചെയ്യുന്നവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ ശക്തമായ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം പീപ്പിളിനോട് പറഞ്ഞിരുന്നു.
Get real time update about this post categories directly on your device, subscribe now.