
പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ ഡിവൈഎഫ്‌ഐ-സിപിഐഎം പ്രവര്‍ത്തകര്‍ പിടിച്ച് പൊലീസിലേല്‍പിച്ചു. കടമ്മനിട്ട സ്വദേശി സജിലാണ് പിടിയിലായത്.
കടമ്മനിട്ട കല്ലോലി കുരിത്തെറ്റ കോളനിയിലെ അപകടത്തില്‍പെട്ട പെണ്‍കുട്ടിയുടെ വീടിന് സമീപം നിര്‍മാണം പുരോഗമിക്കുന്ന വീട്ടില്‍ ഒളിച്ചിരുന്ന സജിലിനെ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പിടിച്ച് പൊലീസിലേല്‍പിച്ചത്. പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പ്രതി കൃത്യം നിര്‍വഹിച്ചതെന്നും ആത്മഹത്യ ശ്രമമല്ലെന്നും പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയെ ആക്രമിക്കുന്നതിനിടെ സജിലിനും പൊള്ളലേറ്റിരുന്നു. 60 ശതമാനത്തില്‍ അധികം പൊളളലേറ്റ സജിലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കന്നാസില്‍ പെട്രോളുമായെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി, പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പ്രതികാരമായാണ് സജില്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി നേരത്തെ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. 80ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here