കൊച്ചി: ജാമ്യാപേക്ഷയില്‍ ദിലീപിന് വിനയായത് സോഷ്യല്‍മീഡിയ വഴി തനിക്ക് അനുകൂലമായി സംഘടിപ്പിച്ച പ്രചരണമായിരുന്നു. പ്രതിയുടെ സ്വാധീനത്തിനുള്ള തെളിവായി പ്രോസിക്യൂഷന്‍ ഇത് സമര്‍പ്പിച്ചത് ദിലീപിന് തിരിച്ചടിയായി.
അറസ്റ്റിന് ശേഷം ദിലീപിന് അനുകൂലമായി സഹതാപ തരംഗം സൃഷ്ടിക്കാന്‍ ദിലീപ് അനുകൂലികള്‍ ആസൂത്രിതമായ ശ്രമം നടത്തി. ഇതിനായി ഒരു പിആര്‍ ഏജന്‍സിയെ തന്നെ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി നിയോഗിച്ചു. ദിലീപ് അനുകൂല പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. പക്ഷേ ഇതാണ് ഇപ്പോള്‍ കോടതിയില്‍ തിരിച്ചടിച്ചത്.
ദിലീപിന് അനുകൂലമായി സംഘടിപ്പിച്ച പ്രചരണം പ്രതിയുടെ സ്വാധീനത്തിന്റെ തെളിവാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കസ്റ്റഡിയിലുള്ള പ്രതിയുടെ നടപടികള്‍ ഇങ്ങനെയാണെങ്കില്‍ പ്രതി മോചിതനായാല്‍ എന്തും ചെയ്യാന്‍ മടിക്കില്ല. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കും എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതിക്ക് അനുകൂലമായി നടന്ന ക്യാമ്പയിന്‍ ആസൂത്രിതമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫാന്‍സ് അസോസിയേഷന്റെ പേരിലാണ് ഏജന്‍സിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നത്. ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ജാമ്യ ഹര്‍ജിയില്‍ വാദത്തിനിടെ ഇത് കോടതിയിലും എത്തിയത്.
നടി ആക്രമിക്കപ്പെട്ട ശേഷം ദിലീപ് നല്‍കിയ ഒരു അഭിമുഖത്തിലെ വാചകവും ദിലീപിനെ തിരിഞ്ഞു കൊത്തി. സാധാരണ ഇത്തരം സംഭവങ്ങളില്‍ ഇരയാകുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയോ മിണ്ടാതിരിക്കുകയോ ആണ് പതിവ് എന്നായിരുന്നു ദിലീപിന്റെ കമന്റ്. ഇതും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇത് പ്രതിയുടെ മനോനില വ്യക്തമാക്കുനതാണ് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇതു കൂടി പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
Get real time update about this post categories directly on your device, subscribe now.