വനിതാ സംവരണബില്‍ പാസാക്കാതെ കേന്ദ്രസര്‍ക്കാര്‍ സ്ത്രീകളെയും പൊതുസമൂഹത്തെയും കബളിപ്പിക്കുന്നു; യെച്ചൂരി

ദില്ലി: വനിതാ സംവരണബില്‍ പാസാക്കാതെ കേന്ദ്രസര്‍ക്കാര്‍ സ്ത്രീകളെയും പൊതുസമൂഹത്തെയും കബളിപ്പിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മൂന്നുവര്‍ഷമായി ബില്ലില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ്. ബില്‍ പാസാക്കുന്നതിന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെന്ന കാരണമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ബില്‍ മുമ്പ് രാജ്യസഭയില്‍ പാസായതാണ്. ഇപ്പോഴും രാജ്യസഭയില്‍ ബില്ലിന് അനുകൂല നിലപാടാണുള്ളത്. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് യെച്ചൂരി പറഞ്ഞു. വനിതാസംവരണ ബില്‍ പാര്‍ലമെന്റ് പാസാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വനിതാസംവരണ ബില്‍ നടപ്പാക്കാന്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്നില്ല. സ്ത്രീകള്‍ മുഖ്യധാരയിലേക്കെത്തുന്നത് അംഗീകരിക്കാത്ത മനുസ്മൃതിയാണ് അവര്‍ പിന്തുടരുന്നത്. സ്ത്രീ പ്രാതിനിധ്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ 138-ാം സ്ഥാനമാണ് ഇന്ത്യക്ക്. പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം 10 ശതമാനത്തിനടുത്ത് മാത്രമാണ്. വനിതകളുടെ ഉന്നമനം മാറ്റമുണ്ടാക്കുന്നത് സ്ത്രീകള്‍ക്ക് മാത്രമല്ല, പൊതുസമൂഹത്തിനാകെയാണ്. വനിതാസംവരണ ബില്‍ നടപ്പാക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കാന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും യെച്ചൂരി പറഞ്ഞു. സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരി, കേന്ദ്രകമ്മിറ്റി അംഗം പുഷ്പീന്ദര്‍ ഗ്രേവാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടന്ന മാര്‍ച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എ സമ്പത്ത് എംപി, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ ഡോ. ടി എന്‍ സീമ, എസ് പുഷ്പലത, വി അമ്പിളി, ജെ അരുന്ധതി, എം ജി മീനാംബിക എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News