നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. ജാമ്യാപേക്ഷ നാളെ നല്‍കിയേക്കുമെന്ന് സൂചന. അതേസമയം ഹൈക്കോടതിയിലും ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാനൊരുങ്ങുകയാണ് പൊലീസ്. ദിലീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഈ മാസം 25വരെ റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി. ഒളിവില്‍പോയ മാനേജര്‍ അപ്പുണ്ണിയെയും അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും കണ്ടെത്താനിള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി.

ആക്രമിക്കപ്പെട്ട നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍പ്രചരണം നടക്കുന്നുണ്ട്. ദിലീപിന്റെ സ്വാധീനം കൊണ്ടാണിത്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിച്ചാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ജാമ്യമില്ല കുറ്റമാണ് ദിലീപ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് അഭിമുഖങ്ങളില്‍ നടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസില്‍ അന്വേഷണം തുടരുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഇര സ്ത്രീയാണെന്നിരിക്കെ ഇത്തരം പ്രചരണങ്ങള്‍ പാടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മാനേജര്‍ അപ്പുണിക്ക് വേണ്ടിയും അന്വേഷണം തുടരുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ നിര്‍ദേശിച്ചെങ്കിലും അയാള്‍ എത്തിയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here