ദിലീപിന് ഇന്നലെ രാത്രി ഭക്ഷണം ലഭിച്ചില്ല; തടവുകാരന്‍ പങ്കുവയ്ക്കാന്‍ തയ്യാറായെങ്കിലും നിരസിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റത്തില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ശനിയാഴ്ച രാത്രി ഭക്ഷണം ലഭിച്ചില്ല. സമയത്തിന് എത്തിയില്ലെന്ന കാരണത്താലാണ് ഭക്ഷണം നിഷേധിച്ചത്.

കോടതി നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം 5.35നാണ് ദിലീപിനെ ജയിലില്‍ എത്തിച്ചത്. ജയിലില്‍ വൈകിട്ട് അഞ്ചുമണിക്കാണ് അത്താഴം നല്‍കുന്നത്. ഭക്ഷണത്തിനായുള്ള കണക്കെടുപ്പ് നാലുമണിക്കും നടക്കും. എന്നാല്‍ കണക്കെടുപ്പ് സമയത്ത് ദിലീപ് സെല്ലില്‍ ഇല്ലാതിരുന്നതിനാലാണ് ഭക്ഷണം ലഭിക്കാതിരുന്നത്. ദിലീപ് തിരികെ എത്തിയപ്പോള്‍ ഭക്ഷണ വിതരണം കഴിഞ്ഞിരുന്നു.

തടവുകാര്‍ക്ക് കൃത്യമായ അളവിലുള്ള ഭക്ഷണം മാത്രമാണ് പാകം ചെയ്യുന്നത്. അതിനാല്‍ ഭക്ഷണം ബാക്കിവന്നതുമില്ല. ഇതിനിടെ തടവുകാരിലൊരാള്‍ ഭക്ഷണം പങ്കുവയ്ക്കാന്‍ തയ്യാറായെങ്കിലും ദിലീപ് നിരസിക്കുകയായിരുന്നു. തടവുകാര്‍ക്ക് ആട്ടിറച്ചി വിളമ്പുന്ന ദിവസമായിരുന്നു ശനിയാഴ്ച.

മുമ്പ് കിടന്ന രണ്ടാം നമ്പര്‍ സെല്ലില്‍ തന്നെയാണ് ദിലീപ് വീണ്ടും എത്തിയത്.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയത്. ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു കോടതി നടപടി. ഇതേ തുടര്‍ന്ന് ഈ മാസം 25 വരെ ദിലീപിനെ റിമാന്‍ഡ് ചെയ്തു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here