ഗോമാതാവിന്റെ വില പോലും മനുഷ്യനില്ല; പശുവിനെക്കൊന്നാല്‍ 14 വര്‍ഷം തടവ്, മനുഷ്യനെക്കൊന്നാല്‍ 2 വര്‍ഷം

ദില്ലി: പശുവിന്റെ വില പോലുംമനുഷ്യന് നല്‍കുന്നില്ലെന്ന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാര്‍. കാറിടിച്ച് ബൈക്ക് യാത്രികന്‍മരിച്ച സംഭവത്തില്‍ കാറുടമയ്ക്ക് രണ്ടു കൊല്ലം മാത്രം ശിക്ഷ വിധിച്ച സന്ദര്‍ഭത്തിലാണ് ജഡ്ജി ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്. നിരീക്ഷണം നടത്തുക മാത്രമല്ല ആവശ്യമായ നിയമ നിര്‍മ്മാണം വേണമെന്നാവശ്യം പ്രധാനമന്ത്രിക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു.

‘രാജ്യത്ത് പശുവിനെക്കൊന്നാല്‍ 5, 7 അല്ലെങ്കില്‍ 14 വര്‍ഷം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ തടവ് ശിക്ഷ. എന്നാല്‍ അശ്രദ്ധയോടെ വണ്ടിയോടിച്ച് ആളെക്കൊന്നാല്‍ രണ്ട് വര്‍ഷം മാത്രമാണ് ശിക്ഷ’, ജസ്റ്റിസ് സഞ്ജീവ് കുമാര്‍ നിരീക്ഷിക്കുന്നു.

2008 ല്‍ ഡല്‍ഹിയില്‍ ആഡംബരക്കാറായ ബിഎംഡബ്ലു ഇടിച്ച് ബൈക്ക് യാത്രികനായ അനൂപ് ചൗഹാന്‍ കൊല്ലപ്പെടുകയും സഹയാത്രികനായ മൃഗാങ്ക് ശ്രീവാസ്തവയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ കാറോടിച്ചിരുന്ന യുവവ്യവസായി ഉത്സവ് ബാഷിന് രണ്ടു വര്‍ഷം തടവും അപകടത്തില്‍ മരിച്ചയാളുടെ കുടംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരവും പരിക്കേറ്റയാള്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.

കേസിലെ വിധി മെയില്‍ പുറപ്പെടുവിച്ചെങ്കിലും ശിക്ഷാ വിധി പുറപ്പെടുവിക്കുമ്പോഴാണ് ജഡ്ജി ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News