കൊച്ചി: രണ്ട് വര്‍ഷം മുമ്പ് പള്‍സര്‍ സുനി നടത്തിയ മറ്റൊരു ക്വട്ടേഷന്‍ പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. അക്കാലത്ത് സജീവമായിരുന്ന ഒരു യുവനടിയായിരുന്നു പീഡനത്തിന് ഇരയായത്. പ്രമുഖ സംവിധായകന്റെ സിനിമകളിലൂടെ നായിക പദവിയിലെത്തിയ നടി സംഭവത്തോടെ സിനിമയില്‍ സജീവമല്ലാതായി.
ഇപ്പോള്‍ ദിലീപിനായി രംഗത്തുള്ള ഒരു നിര്‍മ്മാതാവായിരുന്നു ക്വട്ടേഷന് പിന്നില്‍. ദിലീപിന് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയതും ഈ നിര്‍മ്മാതാവാണ്. അന്ന് ആക്രമണത്തിന് ഇരയായ നടി പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. സിനിമാ മേഖലയില്‍ അന്ന് സംഭവം സജീവ ചര്‍ച്ചയായെങ്കിലും പ്രതികരിക്കാനോ നടിക്ക് പിന്തുണ നല്‍കാനോ ആരും മുന്നോട്ട് വന്നില്ല. സംഭവത്തോടെ മാനസികമായി തകര്‍ന്ന നടി സിനിമയില്‍ നിന്നും മെല്ലെ അപ്രത്യക്ഷയായി.
പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച പൊലീസ് സംഘത്തിനാണ് പഴയ സംഭവത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇതിനെ തുടര്‍ന്ന് നടിയെ സമീപിച്ച് പൊലീസ് വിവരങ്ങള്‍ തേടി. അന്വേഷണം ആരംഭിച്ചാല്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് നടി പൊലീസിനോട് പറഞ്ഞു.
ആരോപണ വിധേയനായ നിര്‍മ്മാതാവിന് ദിലീപുമായി ചില റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഉള്ളതായും കണ്ടെത്തി. കിളിരൂര്‍ പീഢനക്കേസുമായി ബന്ധപ്പെട്ട് ഈ നിര്‍മ്മാതാവിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. അന്വേഷണത്തോട് സഹകരിക്കാന്‍ നടി തയ്യാറായ സാഹചര്യത്തില്‍ പൊലീസ് ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കും. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം നിര്‍മ്മാതാവിനെ ചോദ്യം ചെയ്യും.
Get real time update about this post categories directly on your device, subscribe now.