രാഷ്ട്രപതി തെരഞ്ഞെടുപ്പ്; കേരളം നാളെ വിധിയെഴുതും

തിരുവനന്തപുരം: രാഷ്ട്രപതി പ്രണബ് മുക്കര്‍ജിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാര്‍ നാളെ വോട്ട് രേഖപ്പെടുത്തും. നിയമസഭാ സമുച്ഛയത്തില്‍ രാവിലെ 9 മണിമുതല്‍ 5 മണിവരെ യാണ് വോട്ടെടുപ്പ് നടക്കുക.NDA യുടെ രാംനാഥ് കോവിന്ദും പ്രതിപക്ഷത്ത് നിന്ന് മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാറും തമ്മിലാണ് മല്‍സരം.

രാജ്യത്തെ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമാണ് രാഷ്ട്രപതിയെ തെരഞ്ഞടുക്കാനുള്ള അവകാശം. അതും വോട്ടെടുപ്പിലൂടെ. രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റിലും സംസ്ഥാന തലസ്ഥാനങ്ങളില്‍ നിയമസഭകളിലുമാണ് പോളിംഗ് ബൂത്തുകള്‍ തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില്‍ ആംഗ്ലോ ഇന്‍ഡ്യന്‍ പ്രതിനിധി അടക്കം 141 നിയമസഭാ സാമാജികര്‍ ഉണ്ട്. എന്നാല്‍ ആംഗ്ലോ ഇന്‍ഡ്യന്‍ പ്രതിനിധിയ്ക്ക് വോട്ട് ചെയ്യാനാവില്ല.

മലപ്പുറത്തെ വേങ്ങര നിയോജകമണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന കുഞ്ഞാലിക്കുട്ടി ലോക് സഭയിലേക്ക് പോയ ഒഴിവ് നികത്തിയിട്ടുമില്ല. ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ നിന്നുളള 139 എംഎല്‍എമാരാണ് നിയമസഭാ സമുച്ഛയത്തിലെ പോളിംങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുക.

ധാരണ അനുസരിച്ച് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും 138എംഎല്‍എമാരും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിന് വോട്ട് രേഖപ്പെടുത്തും.ഒ.രാജഗോപാലിന്റെ വോട്ട് NDA പ്രതിനിധിയായ രാംനാഥ് കോവിന്ദിന് ലഭിക്കും.152ആണ് ഒരു എംഎല്‍എയുടെ വോട്ടിന്റെ മൂല്യം. അതായത് സംസ്ഥാനത്തെ ജനസംഖ്യയെ ആകെ എംഎല്‍എമാരുടെ എണ്ണം കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന സംഖ്യ.

മറ്റ് സംസ്ഥാനങ്ങളിലെ കണക്ക് നോക്കുമ്പോള്‍ മൂല്യം കൂടുതല്‍ ആയിരിക്കും.സംസ്ഥാന നിയമസഭയിലെ ആകെ വോട്ടുകളുടെ മൂല്യം 21280 ആണ്. സംസ്ഥാന നിയമസഭാമന്ദിരത്തില്‍ രണ്ടാം നിലയിലാണ് വോട്ടെടുപ്പിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ രാജ്‌സഭാ എംപിമാര്‍ ഡല്‍ഹിയില്‍ തന്നെ വോട്ട് ചെയ്യാനാണ് സാധ്യത.

ലോക്‌സഭാ സെക്രട്ടറി ജനറലാണ് റിട്ടേണിംഗ് ഓഫീസര്‍. സംസ്ഥാനങ്ങളില്‍ നിയമസഭാ സെക്രട്ടറിക്ക് അസിസ്റ്റന്റ് റിട്ടേണിംങ് ഓഫീസറുടെ ചുമതലയുമുണ്ട്. വോട്ടെടുപ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറാണ്. രാവിലെ 9മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആഞ്ചിന് അവസാനിക്കും. ശേഷം സീല്‍ ചെയ്ത ബാലറ്റ് പെട്ടി ഡല്‍ഹിയിലേക്കു കൊണ്ടുപോകും. ഇരുപതാം തീയതിയാണ് വോട്ടെണ്ണല്‍. അന്ന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ രാഷ്ടപതിയെയും പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel