മുണ്ടുടുത്ത് മാളില്‍ കയറാനാകില്ല; പ്രതിഷേധം കത്തുന്നു

കൊല്‍ക്കത്ത :ദോത്തി ധരിച്ചതിന്റെ പേരില്‍ ബംഗാളില്‍ സിനിമ സംവിധായകന് മാളില്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം കത്തുന്നു. ശനിയാഴ്ച്ചയാണ് തന്നെ മാളില്‍ കയറാന്‍ അനുവദിക്കാതിരുന്നതെന്ന് ആശിഷ് അവികുന്ദക്ക് എന്ന സംവിധായകന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ സംഭവത്തെ കുറിച്ചുള്ള ആശിഷിന്റെ പോസ്റ്റിന് വലിയ തോതിലുള്ള പ്രതികരണമാണ് ലഭിച്ചത്. മാള്‍ അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉണ്ടായി.

കഴിഞ്ഞ 26 വര്‍ഷമായി താന്‍ ധരിക്കുന്ന വസ്ത്രമാണ് ദോത്തി. എന്നാല്‍ ദോത്തിയും മുണ്ടും സുരക്ഷ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും അതുകൊണ്ടാണ് തടയുന്നതെന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞ വിശദീകരണം; ആശിഷ് പ്രതികരിച്ചു. കുറേനേരം തര്‍ക്കിച്ചതിന് ശേഷമാണ് സംവിധായകനെ പിന്നീട് അകത്തേക്ക് കടത്തിവിട്ടത്. പ്രത്യേക വസ്ത്രങ്ങള്‍ അണിഞ്ഞതിന്റെ പേരില്‍ സ്വകാര്യ ക്ലബുകളില്‍ പ്രവേശനം നിഷേധിക്കുന്നത് പതിവാണ്. എന്നാല്‍ പൊതു ഇടങ്ങളിലും ഇത്തരത്തില്‍ മനുഷ്യരെ വിവേചനപരമായി കാണുന്ന സംസ്‌കാരം രൂപപ്പെട്ടുവരികയാണിപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റില്‍ ആശിഷ് എഴുതി.

തര്‍ക്കത്തിനിടയില്‍ ആശിഷ് ഇംഗ്ലീഷ് പറയുകയും ഉടന്‍ തന്നെ മാളിലെ ഉദ്യോഗസ്ഥന്‍ ഞങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയര്‍ന്ന വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം എന്ന തോന്നല്‍ അധികാരികള്‍ക്ക് ഉണ്ടായേക്കാം എന്നും അതാണ് അകത്തേക്ക് പ്രവേശിക്കാനുള്ള അനുവാദം ലഭിക്കന്നതിന് കാരണമായതെന്നും ആശിഷിനൊപ്പമുണ്ടായിരുന്ന ദബലീന സെന്‍ പറഞ്ഞു. വീഡിയോ പകര്‍ത്താനുള്ള ശ്രമങ്ങളും തടഞ്ഞ സുരക്ഷ ഉദ്യോഗസ്ഥര്‍ തങ്ങള്‍ വച്ചുപുലര്‍ത്തുന്ന ജാതീയമായ വിവേചനം മറച്ചുവെക്കാനാണ് ശ്രമിച്ചതെന്നും ദബലീന ആരോപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here