നഴ്‌സുമാരുടെ സമരം നേരിടാന്‍ കണ്ണൂരില്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങും; ശക്തമായ നടപടികളുമായി ജില്ലാഭരണകൂടം

കണ്ണൂര്‍: നഴ്‌സുമാരുടെ സമരം നേരിടാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. സമരം ചെയ്യുന്ന നഴ്‌സുമാരെ നേരിടാന്‍ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥികളെ രംഗത്തിറക്കാന്‍ തീരുമാനമായി. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനാല്‍ ഇവിടെ വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്തി പ്രതിസന്ധി മറികടക്കാനാണ് ജില്ലാ ഭരണക്കൂട്ടത്തിന്റെ തീരുമാനം.

തീരുമാനം നാളെമുതല്‍ നടപ്പിലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജില്ലയിലെ ഒമ്പത് സ്വകാര്യ ആശുപത്രികളുടെ പരിസരത്തില്‍ 144 പ്രഖ്യാപിച്ചു. നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞയെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
തിങ്കളാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് ജില്ലയിലെ നഴ്‌സിങ് കോളജുകളില്‍ അധ്യയനം നിര്‍ത്തണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെയുള്ള എല്ലാവരെയും സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ വിന്യസിപ്പിക്കണമെന്നും കളക്ടര്‍ യു വി ജോസ് ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ വിട്ടുനല്‍കണമെന്ന് ജില്ലയിലെ എട്ട് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍മാരോട് കലക്ടര്‍ ആവശ്യപ്പെട്ടു.
ദിവസം 150 രൂപ വീതം വിദ്യാര്‍ഥികള്‍ക്ക് ശമ്പളവും കൂടാതെ വാഹന സൗകര്യവും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോളജില്‍ നിന്ന് വിദ്യാര്‍ഥികള്‍ ആശുപത്രികളിലേക്ക് പോകുമ്പോള്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങില്ലെന്ന് നഴ്‌സുമാരുടെ സംഘടന ഇന്നലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്. 19ാം തിയതി വരെ നഴ്‌സുമാര്‍ പണിമുടക്കില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നാണ് യു.എന്‍.എ അധികൃതരുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News