ആക്രമിക്കപ്പെട്ട നടിയെ ഹീനമായി അപമാനിച്ചു; സെന്‍കുമാര്‍ പൊലീസ് സേനയ്ക്ക് അപമാനം; വനിതാ സംഘടന നിയമനടപടിക്ക്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അപമാനിച്ച മുന്‍ പൊലീസ് മേധാവി സെന്‍കുമാര്‍ കുരുക്കിലായി. സെന്‍കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് വ്യക്തമാക്കി.

കേസന്വേഷണത്തിന് ചുമതലക്കാരനായിരുന്ന പൊലീസ് മേധാവികൂടിയായിരുന്ന സെന്‍കുമാറിന്റെ വാക്കുകള്‍ തങ്ങളെ ഞെട്ടിച്ചെന്ന് പറയുന്ന വനിതാ താരസംഘടന സെന്‍കുമാര്‍ പൊലീസ് സേനയ്ക്ക് അപമാനമാണെന്നും കുറിച്ചിട്ടുണ്ട്. സെന്‍കുമാറിന്റെ വാക്കുകള്‍ ആക്രമണത്തിനിരയായ സ്ത്രീയ ഹിനമായി അപമാനിക്കുന്നതാണെന്നും കടുത്ത സ്ത്രീവിരുദ്ധതയാണെന്നും അവര്‍ ചൂണ്ടാക്കാട്ടി.

സെന്‍കുമാറിനെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് വനിതാ കമ്മിഷനെ സമീപിക്കുമെന്നും സംഘടന ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഞങ്ങളുടെ സഹപ്രവർത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണിൽ നടത്തിയ ചില പരാമർശങ്ങൾ ഞങ്ങളുടെ സഹപ്രവർത്തകയെയും ഒപ്പം ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്.

പ്രസ്തുത കേസിന്റെ ചുമതലക്കാരനായിരുന്ന പോലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് ഞങ്ങൾ കേട്ടത്. മലയാള ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയർത്തി പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വവും ദിശാബോധവും നല്കുന്ന ഒരു കൂട്ടായ്മ എന്ന നിലയിൽ മുൻ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമർശത്തെ ഞങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു.

മാത്രവുമല്ല, ഒരു ഭാഗത്ത് പോലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ മുൻ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഞങ്ങൾ കരുതുന്നു. അതിക്രമത്തെ സധൈര്യം അതിജീവിച്ച ഞങ്ങളുടെ സഹപ്രവ’ത്തകയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നില്ക്കണമെന്ന് മാധ്യമങ്ങളോടും wcc അഭ്യർത്ഥിക്കുന്നു. മുൻ പോലീസ് മേധാവിയുടെ ഇത്തരം പരാമർശങ്ങൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് wcc വനിതാ കമ്മിഷനെ സമീപിക്കും’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News