കുടുംബ കലഹം; അച്ഛന്റെ വെടിയേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍, അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍

ഇടുക്കി: കുടുംബകലഹത്തെ തുടര്‍ന്ന് പിതാവ് മകനെ വെടിവെച്ചു. വടക്കുംചേരി ബിനു (29) വിനാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ പിതാവ് അച്ചന്‍കുഞ്ഞ് (55) പൊലീസ് കസ്റ്റഡിയില്‍.

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സൂര്യനെല്ലിയില്‍ ടാക്‌സി ഡ്രൈവറാണു ബിനു. ഇയാളുടെ അനുജന്‍ അനു ഏതാനും മാസം മുമ്പ് പ്രണയവിവാഹം ചെയ്തിരുന്നു. ഈ പെണ്‍കുട്ടിയെ അച്ചന്‍കുഞ്ഞിന് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് തന്നെ മിക്കവാറും ദിവസങ്ങളില്‍ മദ്യപിച്ചെത്തിയ അച്ചന്‍കുഞ്ഞ് കലഹമുണ്ടാക്കികൊണ്ടിരുന്നു.

ശനിയാഴ്ച്ച രാത്രിയിലും ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയോടും മരുമകളോടും വഴക്കിട്ടു. അനു ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. വഴക്കിനെ എതിര്‍ത്ത ബിനുവിനെ അടുക്കളയില്‍ നിന്നെടുത്ത കത്തിയുപയോഗിച്ച് അച്ചന്‍കുഞ്ഞ് അക്രമിക്കുവാനും ശ്രമിച്ചു. ഭാര്യ കത്തി പിടിച്ചുവാങ്ങിയതോടെ അച്ചന്‍കുഞ്ഞ് അടുക്കളയില്‍ നിന്നും തോക്ക് എടുത്ത്‌കൊണ്ട് വന്ന് ബിനുവിന് നേരെ നിറയൊഴിക്കുകയായിരുന്നു.

വയറിന്റെ ഒരു വശത്താണ് വെടിയേറ്റത്. വയര്‍ തുളഞ്ഞ് വെടിയുണ്ട പുറത്തേക്ക് തെറിച്ചുപോയിരുന്നു. ബിനുവിനെ നാട്ടുകാര്‍ ആദ്യം മൂന്നാര്‍ ടാറ്റ ആശുപത്രിയിലും തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കിയ ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതി അച്ചന്‍കുഞ്ഞ് ഇന്നലെ ഉച്ചയോടെ ശാന്തമ്പാറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അക്രമിക്കാനുപയോഗിച്ച് നാടന്‍തോക്ക് ലൈസന്‍സില്ലാത്തതാണെന്നാണ് പൊലീസിന്റെ നിഗമനം. ഫോറന്‍സിക് വിദഗ്ദരെത്തി തോക്ക് പരിശോധിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News