ദിലീപ് അനുകൂല ക്യാംപെയ്ന്‍; പണം മുടക്കിയവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ നടന്‍ ദിലീനിന് വേണ്ടി സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ തോതിലുള്ള ക്യാംപെയിന്‍ നടത്തുന്നതിനു പിന്നിലുള്ളവരെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചുകഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് ദിലീപിനെ സബ് ജയിലില്‍ കൊണ്ടുവന്നപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ അനുകൂല മുദ്രാവാക്യം മുഴക്കിയതു നഗരത്തിലെ ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെരുമ്പാവൂരിലെ യുവ ചലച്ചിത്ര നിര്‍മാതാവിന് ഇതില്‍ പ്രമുഖ പങ്കുണ്ടെന്നും തെളിഞ്ഞു.

വലിയ തോതിലുള്ള പണമൊഴുക്ക് ഇതിനുപിന്നിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസിന് എതിരായും ദിലീപിന് അനുകൂലമായും മുദ്രാവാക്യം മുഴക്കാന്‍ ഇവരെ പ്രേരിപ്പിച്ചത് ഈ പണമാണെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടുതന്നെ ദിലീപിന് വേണ്ടി ഇത്തരം ക്യാംപെയിന്‍ നടത്താനായി പണം മുടക്കിയത് ആരാണെന്നു അവരുടെ ലക്ഷ്യം എന്താണെന്നും പൊലീസ് പരിശോധിക്കും.

അതേസമയം ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കും. താരം ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. അങ്കമാലി കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ദിലീപിനെതിരെ പൊലീസിന്റെ പക്കലുള്ളത് കൃത്രിമ തെളിവുകളാണെന്ന് പ്രതിഭാഗം നേരത്തെ അങ്കമാലി കോടതിയില്‍ വാദിച്ചിരുന്നു. മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ വിശ്വാസയോഗ്യമല്ലാത്ത മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം ഉള്‍പ്പടെ ചുമത്തിയിരിക്കുന്നതെന്ന മുന്‍ വാദവും ഹൈക്കോടതിയില്‍ ആവര്‍ത്തിക്കും.

അതേസമയം പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ ഒളിവില്‍ പോയ സാഹചര്യത്തില്‍ ജൂനിയര്‍ അഭിഭാഷകന്‍ രാജു ജോസഫിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്, പള്‍സര്‍ സുനിയുടെ വസ്ത്രങ്ങള്‍, 2 സിം കാര്‍ഡുകള്‍, ഒരു മൊബൈല്‍ ഫോണ്‍ എന്നിവ പ്രതീഷ് ചാക്കൊയുടെ ഓഫീസില്‍ നിന്നും പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.

ഈ സമയത്ത് രാജു ജോസഫ് പ്രതീഷ് ചാക്കൊയുടെ ഓഫീസില്‍ ഉണ്ടായിരുന്നു. ഒളിവില്‍ പോയ പ്രതീഷ് ചാക്കൊ എവിടെ ആണെന്നതുള്‍പ്പടെയുള്ള വിവരങ്ങളും അന്വേഷണ സംഘം രാജു ജോസഫിനോട് ചോദിച്ചു. പ്രതീഷ് ചാക്കൊയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് വേണ്ടിയും അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News