നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കൊ പ്രതിയായേക്കും

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പ്രതീഷ് ചാക്കൊയുടെ ഓഫീസില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് പോലീസ് കണ്ടെടുത്തിരുന്നു. ഒളിവില്‍ പോയ പ്രതീഷ് ചാക്കൊയ്ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേ സമയം ഇന്നലെ ചോദ്യം ചെയ്ത പ്രതീഷ് ചാക്കൊയുടെ ജൂനിയര്‍ രാജു ജോസഫില്‍ നിന്ന് മറ്റൊരു മെമ്മറി കാര്‍ഡ് പോലീസ് കണ്ടെടുത്തു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡുള്‍പ്പടെയുള്ളവ അഭിഭാഷകനായ പ്രതീഷ് ചാക്കൊയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതീഷ് ചാക്കോയുടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പള്‍സര്‍ സുനിയുടെ വസ്ത്രങ്ങള്‍ ,മെമ്മറി കാര്‍ഡ്, 2 സിം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു.

മെമ്മറി കാര്‍ഡ് പിന്നീട് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ ഉള്ളതായും വ്യക്തമായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച യഥാര്‍ത്ഥ ഫോണിനായി അന്വേഷണം തുടരുകയാണ്. ഒളിവില്‍ പോയ പ്രതീഷ് ചാക്കൊയെ ഉടന്‍ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റ നീക്കം.

ഇതിനിടെ പ്രതീഷ് ചാക്കൊയുടെ ജൂനിയര്‍ രാജു ജോസഫിനെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രാജുവില്‍ നിന്ന് മറ്റൊരു മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തു.പ്രാഥമിക പരിശോധനയില്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളില്ലെന്ന് വ്യക്തമായി. വിദഗ്ധ പരിശോധനയ്ക്കായി മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here