രാഷ്ട്രപതിക്കായി രാജ്യം വിധിയെഴുതുന്നു; വോട്ടെണ്ണലും പ്രഖ്യാപനവും വ്യാഴാഴ്ച

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പാര്‍ലമെന്റില്‍ പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.എസ്.പി നേതാവ് മായാവതി തുടങ്ങിയവര്‍ വോട്ട് ചെയ്തു. വൈകുന്നേരം അഞ്ച് മണിയ്ക്ക് വോട്ടെടുപ്പ് സമാപിക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി രാം നാഥ് കോവിന്ദ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ നായിഡു പറഞ്ഞു. മനസാക്ഷി വോട്ട് ചെയ്യണമെന്ന് സോണിയാഗാന്ധി ആവശ്യപ്പെട്ടു.

വിപുലമായ സജീകരണങ്ങളോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് 32 പോളിങ്ങ് സ്റ്റേഷനുകളിലാണ് പുരോഗമിക്കുന്നത്. പാര്‍ലമെന്റിന്റെ അറുപത്തി രണ്ടാം മുറിയില്‍ ഒരുക്കിയ പോളിങ്ങ് സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിവിധ കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

എന്‍.ഡി.എ സ്ഥാനര്‍ത്ഥി രാം നാഥ് കോവിന്ദ് എ.ഐ.എ.ഡിഎംകെയുടെ ബിജെഡിയുടേയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. രാം നാഥ് കോവിന്ദ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ നായിഡു പറഞ്ഞു. പ്രതിപക്ഷ പാര്‍ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മീരാകുമാര്‍ ആം ആദ്മിയുടെ പിന്തുണ ലഭിക്കും. എല്ലാ അംഗങ്ങളും മനസാക്ഷി വോട്ട് ചെയ്യണമെന്ന് മീരാകുമാറിന് വേണ്ടി സോണിയാ ഗാന്ധി അഭ്യര്‍ത്ഥിച്ചു.

പാര്‍ലമെന്റിനെ കൂടാതെ സംസ്ഥാന നിയസഭ മന്ദിരങ്ങളില്‍ 31 പോളിങ്ങ് സ്റ്റേഷനുകള്‍ സജീകരിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എ.പിമാര്‍ പാര്‍ലമെന്റില്‍ വോട്ട് ചെയ്യുന്നില്ല. പകരം പശ്ചിമ ബംഗാള്‍ നിയമസഭയില്‍ വോട്ട് ചെയ്യുന്നു. ആകെ 726 എം.പിമാരും 4120 എം.എല്‍എമാരുമാണ് വോട്ട് ചെയ്യുന്നത്.

പോളിങ്ങ് ബൂത്തിലെത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ വയലറ്റ് മഷിയുള്ള പ്രത്യേക പേന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നു. മറ്റ് പേനയുപയോഗിക്കുന്നത് വോട്ട് ആസാധുവാക്കും. വൈകുന്നേരം അഞ്ച് മണി വരെ വോട്ട് രേഖപ്പെടുത്താന്‍ സമയം അനുവദിച്ചിട്ടുണ്ട്.

രാജ്യസഭയിലും ലോക്‌സഭയിലുമുള്ള 776 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും 4,120 എം.എല്‍.എമാര്‍ക്കുമാണ് രാജ്യത്തിന്റെ പ്രഥമപൗരനെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശമില്ല.

വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. വിജയിക്കുന്നയാള്‍ക്ക് 25ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രഹസ്യ ബാലറ്റ് ഉപയോഗിക്കുന്നതിനാല്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താന്‍ പാടില്ലെന്നുണ്ട്. പ്രത്യേക സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യണമെന്ന് വിപ്പ് നല്‍കാനും പാടില്ലെന്നത് ഇരു സ്ഥാനാര്‍ഥികള്‍ക്കും പ്രതീക്ഷനല്‍കുന്നതാണ്.

തെരഞ്ഞെടുപ്പിലുള്ള ആകെ വോട്ട് മൂല്യം 10,98,903 ആണ്. വിജയിക്കാന്‍ 5,49,001 വോട്ടുകള്‍ ലഭിക്കണം. ഒരു എം.പിയുടെ വോട്ട് മൂല്യം 708 ആണ്. കേരളത്തിന്റെ മൂല്യം 152 ആണ്. 60 ശതമാനത്തോളം വോട്ട് നേടി ജയിക്കുമെന്നാണ് എന്‍ ഡി എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന്റെ പ്രതീക്ഷ. എന്നാല്‍ 18 പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്തിയതിലൂടെ അത്ഭുതം പ്രതീക്ഷിക്കുകയാണ് മീരാകുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here