സഹകരണ ബാങ്കുകളിലെ നിക്ഷേപകരില്‍ നിന്ന് ആദായനികുതി ഈടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന വാര്‍ത്ത; നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ തിരഞ്ഞുപിടിച്ച് ആദായനികുതി ഈടാക്കുന്നതിന് ഇന്‍കംടാക്‌സ് വകുപ്പ് നീക്കം നടത്തുന്നു എന്ന രീതിയിലുള്ള വാര്‍ത്തകളില്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എല്ലാ മാര്‍ഗങ്ങളില്‍ നിന്നുമുള്ള വരുമാനം കണക്കാക്കി നിക്ഷേപകര്‍ ആദായനികുതി ഒടുക്കുന്ന വേളയില്‍ സഹകരണ ബാങ്കുകളില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ വരുമാനം അതാത് ബാങ്കുകളില്‍ നിന്നുമുള്ള സാക്ഷ്യപത്രം സഹിതം സമര്‍പ്പിക്കണമെന്നാണ് ഇന്‍കംടാക്‌സ് അധികൃതര്‍ ആവശ്യപ്പെടുന്നത്.

ഇത് സാധാരണ നടപടിക്രമം മാത്രമാണ്. മറ്റ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട നടപടിക്രമത്തിന് സമാനമാണ് സഹകരണബാങ്കുകളിലെ നടപടികളും. ബാങ്ക് പലിശയില്‍ നിന്നുള്ള നികുതി വിധേയ വരുമാനം രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ കിട്ടണമെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ ചുരുങ്ങിയത് 2630 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം ഉണ്ടാകണം. സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നവര്‍ കൂടുതലായും സാധാരണക്കാരും ഇടത്തരക്കാരുമാണ്.

വളരെ കുറവ് ആളുകള്‍ക്ക് മാത്രമാണ് സഹകരണ ബാങ്കുകളില്‍ 25 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ളത്. നിലവില്‍ ഇവരില്‍ നിന്നും ഉറവിടത്തില്‍ നികുതി ഈടാക്കി ആദായ നികുതി വകുപ്പില്‍ സഹകരണ ബാങ്കുകള്‍ അടക്കുന്നുണ്ട്. നികുതി വിധേയ വരുമാനം ഇല്ലാത്ത നിക്ഷേപകരില്‍ നിന്നും ആദായനികുതി ഈടാക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം വരും ദിവസങ്ങളില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് സഹകരണമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here