ഭക്ഷ്യഭദ്രതാ നിയമം: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍മ്മ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമപ്രകാരം തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍നിന്ന് പുറത്തായ ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കര്‍മപദ്ധതി. പട്ടികയില്‍ ഇടംപിടിച്ച അനര്‍ഹരെ ഒഴിവാക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉള്‍പ്പെടുത്താനായി മുന്‍ഗണനാ പട്ടിക തയ്യാറാക്കാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തും.’ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധവകുപ്പുതലവന്മാരുടെ യോഗത്തിലാണ് തീരുമാനം.

തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ വിഭാഗത്തില്‍ കയറിക്കൂടിയവരെ കണ്ടെത്തി ഒഴിവാക്കുന്നതിന് പൊതുവിതരണവകുപ്പ് പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ ജില്ലയുടെയും പ്രവര്‍ത്തനം വിലയിരുത്തി 15 ദിവസത്തിനകം അനര്‍ഹരെ ഒഴിവാക്കാനാണ് പദ്ധതി. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരെയും സ്വന്തമായി നാലുചക്ര വാഹനങ്ങള്‍ ഉള്ളവരെയും മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കും. വീടുകളുടെ വിവരം തദ്ദേശവകുപ്പും വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹനവകുപ്പും ഭക്ഷ്യപൊതുവിതരണ വകുപ്പിന് കൈമാറും.

ഉപജീവനത്തിനായി നാലുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ പട്ടികയില്‍ നിലനിര്‍ത്തുന്നത് പരിഗണനയിലുണ്ട്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ എന്നിവരെ പട്ടികയില്‍നിന്ന് ഒഴിവാക്കും. ഇവര്‍ക്ക് 30വരെ സ്വയം അപേക്ഷ നല്‍കി ഒഴിവാകാം. 30നുള്ളില്‍ ഒഴിവായില്ലെങ്കില്‍ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യും. മരിച്ചവരുടെ പേര് ജനന-മരണ രജിസ്റ്റര്‍ പ്രകാരം കുറവ് വരുത്തും.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍, ക്യാന്‍സര്‍ബാധിതര്‍, മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ വിവരം ശേഖരിക്കാന്‍ സിവില്‍ സപ്‌ളൈസ് ഡയറക്ടറെ ചുമതലപ്പെടുത്തി.

ചികിത്സാസഹായം ലഭിച്ചിരുന്ന ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സാസൗകര്യത്തിനായി മാത്രം റേഷന്‍ കാര്‍ഡില്‍ സംസ്ഥാന മുന്‍ഗണനാ വിഭാഗമെന്ന് നേരത്തെ മുദ്ര പതിപ്പിച്ച് നല്‍കിയിരുന്നു. ഭക്ഷ്യഭദ്രതാ നിയമപ്രകാരം പുതിയ കാര്‍ഡ് അച്ചടിച്ച് നല്‍കിയശേഷം മുദ്ര പതിപ്പിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ചികിത്സയ്ക്ക് ഉപകരിക്കുംവിധം ഇങ്ങനെ മുദ്ര പതിപ്പിച്ച് നല്‍കുന്നത് പുനരാരംഭിക്കാനും ധാരണയായി.

1.54 കോടി ആളുകളെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനുള്ള മാനദണ്ഡങ്ങള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് തയ്യാറാക്കിയത്്. ഇതുപ്രകാരം തയ്യാറാക്കിയ അന്തിമ മുന്‍ഗണനാ പട്ടിക കഴിഞ്ഞ നവംബറിലാണ് പുറത്തിറങ്ങിയത്. പട്ടികയ്‌ക്കെതിരെ 16 ലക്ഷത്തോളം പരാതി ലഭിച്ചു. 12 ലക്ഷം പരാതി ന്യായമാണെന്ന് കണ്ടെത്തി. പൊതുവിതരണവകുപ്പ്, തദ്ദേശവകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹ്യക്ഷേമ വകുപ്പ് തലവന്മാരാണ് യോഗത്തില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News