ഓര്‍മ്മകളില്‍ വി പി സത്യന്‍; ജൂലായ് 18 വി പി സത്യന്‍ പതിനൊന്നാം ചരമവാര്‍ഷികം; രാജ്യം കണ്ട മികച്ച ഫുട്‌ബോളര്‍

പൊടുന്നനെ വെയിലും നിലാവും ഉപേക്ഷിച്ച് മഴയിലേക്ക് നടന്നു മറഞ്ഞവരുടെ ഓര്‍മ്മകള്‍ ഒരുപാടുണ്ട് നമ്മളില്‍. ഇനി ജീവിക്കേണ്ട എന്നു ഏത് ഗതികെട്ട നിമിഷത്തിന്റെ കുത്തൊഴുക്കില്‍ എടുക്കപ്പെട്ട തീരുമാനമാണെങ്കിലും അവരില്‍ ചിലരുടെ ഓര്‍മ്മകള്‍ നമ്മളെ എപ്പോഴും വേട്ടയാടികൊണ്ടിരിക്കും. അത്തരത്തില്‍ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചാണ് ഇന്ത്യ കണ്ട മികച്ച ഫുട്‌ബോളര്‍ വി പി സത്യനും നമുക്ക് മുന്‍പേ മറഞ്ഞകന്നത്. 11 വര്‍ഷം പിന്നിടുമ്പോഴും മലബാറിലും കളിപ്രേമികള്‍ക്കിടയിലും വി പി സത്യന്‍ എന്ന പേര് ഇന്നും സജീവമാണ്.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്‌ബോളറുമായിരുന്നു വി പി സത്യന്‍. പത്തു തവണ ഇന്ത്യന്‍ ടീമിന്റെ ക്യപ്റ്റന്‍. 1993ല്‍ ‘മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍’ ബഹുമതി കരസ്ഥമാക്കി. കേരള ടീമിന്റെയും കേരള പോലീസ് ടീമിന്റെയും സുവര്‍ണകാലമായിരുന്നു സത്യന്റെ കാലഘട്ടം. 92ല്‍ കേരളത്തെ രണ്ടാം സന്തോഷ് ട്രോഫി കിരീടം നേടുന്നതിലേക്ക് നയിച്ച സത്യന്‍ 93ല്‍ സന്തോഷ് ട്രോഫി നിലനിര്‍ത്തിയ ടീമിലും അംഗമായിരുന്നു. ചെന്നൈയില്‍ ഇന്ത്യന്‍ ബാങ്കിന്റെ ഫുട്‌ബോള്‍ ടീം കോച്ചും ബാങ്കിന്റെ ചെന്നൈ ഹെഡ് ഓഫീസില്‍ അസിസ്റ്റന്റ് മാനേജരുമായിരുന്നു സത്യന്‍.

2006 ജൂലൈ 18ന് രാവിലെ പതിനൊന്നര മണിയോടടുത്ത് ചെന്നൈയിലെ പല്ലാവരം റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ചാണ് സത്യന്‍ ജീവിതത്തിന് ഫൈനല്‍ വിസിലൂതിയത്. എന്തിനായിരുന്നെന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു. സത്യന്റെ ഓര്‍മ്മകള്‍ക്ക് ജീവന്‍ വെയ്പ്പിക്കുകയാണ് ക്യാപ്റ്റന്‍ എന്ന സിനിമയിലൂടെ നവാഗത സംവിധായന്‍ പ്രജേഷ് സെന്‍. ജയസൂര്യ നായകനായെത്തുന്ന സിനിമ ഓക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News