മടവൂര്‍ സി എം സെന്ററില്‍ 13 വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവം; ദുരൂഹതയ്ക്ക് അവസാനമില്ലേ?

കോഴിക്കോട്: മടവൂര്‍ സി എം സെന്ററില്‍ 13 വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷര്‍ക്ക് പരാതി നല്‍കി. സി എം സെന്ററിനെ ഉള്‍പ്പടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അറസ്റ്റ് ചെയ്യപ്പെട്ട ആള്‍ യഥാര്‍ത്ഥ പ്രതിയാണൊ എന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മടവൂര്‍ സി എം സെന്ററില്‍ വെച്ച് 13 വയസ്സുകാരനായ അബ്ദുള്‍ മാജിദ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിനുള്‍പ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തായിരുന്നു അറസ്റ്റ്. മാജിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.

മരണത്തിന് ഒരു ദിവസം മുന്‍പ് താന്‍ വീണതായും നെഞ്ചില്‍ പരിക്കേറ്റതായും കുട്ടി ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നതായും സി എം സെന്ററില്‍ നില്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ശാഠ്യം പിടിച്ചതായും മാജിദിന്റെ പിതാവ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി യഥാര്‍ത്ഥ പ്രതിയാണൊ എന്ന് സംശയിക്കുന്നതായും പിതാവ് പറഞ്ഞു. തങ്ങള്‍ ആത്മഹത്യചെയ്യുമെന്നും സി എം സെന്റരില്‍ നിന്ന് രക്ഷിക്കണമെന്നും മാജിദിന്റെ സുഹൃത്തുക്കള്‍ പരാതി പറഞ്ഞിരുന്നു അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അന്വേഷിക്കണമെന്നും കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ മാതാപിതാക്കള്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here