വിക്ടര്‍ ജോര്‍ജ്, പെയ്തുതോരാത്ത ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവച്ച്, മഴയോടലിഞ്ഞു ചേര്‍ന്ന മഴയുടെ സ്വന്തം കൂട്ടുകാരന്‍

എന്നാണെന്ന് ഓര്‍മയില്ല, എന്നോ ഒരു ദിവസം പത്രത്തില്‍ കണ്ട മനോഹരമായൊരു ചിത്രത്തിന്റെ പേരായിരുന്നു വിക്ടര്‍ ജോര്‍ജ്. വിക്ടര്‍ ജോര്‍ജിന്റെ ചിത്രങ്ങള്‍ക്ക് കഥപറയാനുള്ള കഴിവുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അക്ഷരങ്ങളേക്കാള്‍ ചിത്രങ്ങളില്‍ കണ്ണുകളുടക്കുന്ന കാലത്ത് പലരുടെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ പേര് വിക്ടര്‍ ജോര്‍ജ് എന്നാവുന്നത്. എല്ലാം വളരെ പെട്ടെന്നായിരുന്നു. വളരെ ഭംഗിയായി കുറെ കാര്യങ്ങള്‍ ചെയ്ത് വിക്ടര്‍ കടന്നുപോയി. ചില ജീവനുള്ള ചിത്രങ്ങള്‍ മാത്രം ബാക്കിവെച്ച്.

മഴയായിരുന്നു വിക്ടറിന്റെ ക്യാമറയുടെ ഇഷ്ട ഇനം. നമ്മള്‍ നേരിട്ട് കണ്ട മഴയായിരുന്നില്ല വിക്ടറിന്റെ ക്യാമറയിലൂടെ കാണുന്ന മഴ. ഒരോ മഴയുടെ പിന്നാലെ ആയിരുന്നില്ല, മഴയോടോപ്പം ഭ്രാന്തമായി അലഞ്ഞ ആ മനുഷ്യന്‍ ഒടുവിലതോ മഴയോട് അലിഞ്ഞു ചേരുകയായിരുന്നു.

ജുലൈ9 നായിരുന്നു ഇന്‍ഡ്യയിലെ ഏറ്റവും മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്ന വിക്ടര്‍ ജോര്‍ജ് അനശ്വരനായതിന്റെ എട്ടാം വാര്‍ഷികം. തന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ് എം2 ക്യാമറയുമായി ഒരു യാത്രയായിരുന്നു, തനിക്ക് ഏറ്റവും ഇഷ്ടമുള്ള മഴക്കാഴ്ചകള്‍ പകര്‍ത്താന്‍. വെണ്ണിയാനി മലകയറിയ വിക്ടര്‍ പിന്നീടൊരു മഴഓര്‍മയായി മാറി എല്ലാവര്‍ക്കും.

ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ വിക്ടറെ കാണാതായെന്ന വാര്‍ത്ത ഏവരെയും ഞെട്ടിച്ചു. ഒന്നും സംഭവിക്കരുതേയെന്ന പ്രാര്‍ത്ഥനകള്‍. ഒടുവില്‍ ജൂലൈ 12ലെ നനഞ്ഞ പ്രഭാതത്തില്‍, അന്ത്യ വിശ്രമത്തിനായി രത്‌നഗിരിപ്പള്ളിയിലേക്ക് യാത്രയാകുമ്പോഴും എല്ലാവരും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.

സൗമ്യനും നല്ലവനുമായിരുന്ന വിക്ടര്‍ക്ക് നമ്മളറിയാത്ത മറ്റൊരു മുഖമുണ്ടായിരുന്നു. മികച്ച പരിസ്തിതി സംരക്ഷകനായിരുന്ന വിക്ടറിന് വലിയൊരു സുഹൃദ് വലയം ഉണ്ടായിരുന്നു. ഒരിക്കലും തൊഴിലില്‍ വിട്ടൂവീഴ്ചക്ക് തയ്യാറാകാതിരുന്ന വിക്ടര്‍ ഇന്നും ഓരോ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരു ഊര്‍ജമാണ്. ഇന്നും മഴയുണ്ട്. മഴയോടൊപ്പം എവിടെയോ വിക്ടറുമുണ്ട്.

മഴ ഇപ്പോഴും തകര്‍ത്തു പെയ്യുന്നുണ്ട്, അന്നത്തെപ്പൊലെ അത്ര ഭീകരമല്ലെന്നു മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News