റെയില്‍വെ വികസനത്തിന് മാര്‍ഗനിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് പാലക്കാട്, തിരുവനന്തപുരം റെയില്‍വെ ഡിവിഷനുകള്‍ ചേര്‍ത്ത് എറണാകുളം ആസ്ഥാനമായി പുതിയ റെയില്‍വെ ഡിവിഷന്‍ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനോടും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരംതിരുനല്‍വേലി, നാഗര്‍കോവില്‍ കന്യാകുമാരി ലൈനുകള്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് വേര്‍പെടുത്തി മധുര ഡിവിഷനില്‍ ചേര്‍ക്കാനുള്ള നീക്കം തടയണമെന്നും ഇരുവര്‍ക്കും അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

റെയില്‍ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് റയില്‍വെയുമായി ചേര്‍ന്ന് സംസ്ഥാനം കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന സംയുക്ത സംരംഭത്തിന് രൂപം നല്‍കിയിരിക്കുകയാണ്. എന്നാല്‍ മേഖലാ ഓഫീസ് ചെന്നെയിലായതിനാല്‍ പദ്ധതികളില്‍ തീരുമാനം നീണ്ടു പോകുന്നു.

അതിവേഗ റെയില്‍പാതയും തലശ്ശേരിമൈസൂര്‍, അങ്കമാലിശബരി, ഗുരുവായൂര്‍ തിരുനാവായ എന്നീ പാതകളും പാലക്കാട് കോച്ച് ഫാക്ടറിയും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് ഒരു കാരണം കേരളത്തിന് റെയില്‍വെ സോണ്‍ ഇല്ലാത്തതാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കന്യാകുമാരി മുതല്‍ മംഗലാപുരം വരെ പരിധിയുള്ള പെനിന്‍സുലര്‍ റെയില്‍വെ സോണ്‍ എറണാകുളം കേന്ദ്രമായി അനുവദിക്കേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here