നേടിയതെല്ലാം വെറും കടലാസില്‍ മാത്രം ഒതുങ്ങുമോ എന്ന ആശങ്കയില്‍ ദേശീയ ബെയ്‌സ്‌ബോള്‍ താരം

കോഴിക്കോട്: ദേശീയ ബെയ്‌സ്‌ബോള്‍ താരം സി സി പ്രിയ ദുരിതങ്ങള്‍ക്ക് നടുവില്‍. ഹോങ്കോങില്‍ നടക്കാന്‍ പോകുന്ന ഏഷ്യന്‍ കപ്പ് ബെയ്‌സ് ബാള്‍ വനിത ടീമില്‍ ഇടം നേടിയെങ്കിലും യാത്രയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ സാധിക്കാതെ അവസരം മുടങ്ങുമോ എന്ന ആശങ്കയിലാണ് കോഴിക്കോട് വിലങ്ങാട് കുറിച്യ ആദിവാസി കോളനിയിലെ ഈ പെണ്‍കുട്ടി.

ജീവിതമെന്നത് ദുഷ്‌ക്കരമാണെന്ന് കാണിച്ചുതന്നപ്പോഴൊക്കെയും അതിനോട് പടവെട്ടിയാണ് പ്രിയ മുന്നേറിയത്. കഷ്ടപ്പാടുകള്‍ക്കിടയില്‍ എത്തിപ്പിടിയ്ക്കാന്‍ പാടുപെട്ടപ്പോള്‍ തന്റെ ആത്മ സമര്‍പ്പണം കൊണ്ട് അതെല്ലാം നിഷ്പ്രഭമാക്കി. ഇതാണ് കോഴിക്കോട് വിലങ്ങാട് വായാട് കുറിച്യ ആദിവാസി കോളനിയിലെ സി സി പ്രിയയുടെ ജീവിത കഥ.

ഇനി ചൈനയിലേയ്ക്ക് കുതിയ്ക്കണം. ഹോങ്കോങില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ബെയ്‌സ് ബാള്‍ വനിത ടീമില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ജീവിത സ്വപ്‌നമായിരുന്നു പ്രിയയ്ക്ക് അത്. പക്ഷെ ഒരുലക്ഷം രൂപയെങ്കിലും കണ്ടെത്തണം. അന്നന്നത്തെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ മുണ്ടു മുറുക്കിയുടുത്ത് നടന്നപ്പോഴും പ്രിയയെ കൂലിപണിക്കാരായ മാതാപിതാക്കള്‍ ഒന്നും അറിയിച്ചിരുന്നില്ല. ‘ഇനി അത് സാധിക്കില്ല. ഒരു ലക്ഷം രൂപയാണ് ആവശ്യം’ പ്രിയയുടെ മാതാപിതാക്കള്‍ പറയുന്നു.

കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനിലെ പഠനത്തിന് ശേഷമാണ് കായികലോകത്ത് സജീവമായത്. 2016 ല്‍ സൗത്ത് കൊറിയയില്‍ നടന്ന ബെയ്‌സ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അമ്മയുടെ സ്വര്‍ണകമ്മല്‍ വിറ്റും നാട്ടുകാരുടെ സഹായത്തോടെയുമായിരുന്നു കൊറിയയിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഇനി എന്ത് ചെയ്യുമെന്ന് ഈ കുടുംബതതിന് അറിയില്ല. നേടിയതെല്ലാം വെറും കടലാസില്‍ മാത്രം ഒതുങ്ങുമോ എന്ന ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News