തിരുവനന്തപുരം എംജി കോളേജില്‍ സംഘപരിവാര്‍ ഫാസിസമാണ്; എസ്എഫ്‌ഐ മാര്‍ച്ചിലൂടെ ചോദ്യം ചെയ്യപ്പെടുന്നത് അതാണ് : സാംസ്‌കാരികപ്രവര്‍ത്തകന്‍ കെ ജി സൂരജ്

തിരുവനന്തപുരത്തെ എസ്. എഫ്.ഐ സഖാക്കളുടെ വിശേഷിച്ചും പൂര്‍ണ്ണ സമയ കേഡേഴ്സിന്റെ മനസ്സിലെ എക്കാലത്തെയും അണയാക്കനാലായിരുന്നു മഹാത്മാ ഗാന്ധി കോളേജ്. സംഘപരിവാറിന്റെ നഗരത്തിലെ ക്രിമിനല്‍പ്രവര്‍ത്തനങ്ങളുടെ റിക്രൂട്ടിങ് ഏജന്‍സി എന്ന നിലയില്‍, ഉയര്‍ന്ന അക്കാദമിക നിലവാരത്തിലേയ്ക്ക് ഉയരേണ്ട സ്ഥാപനം തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. സംഘം തീരുമാനിയ്ക്കുന്ന സ്വയംസേവകര്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള കെട്ടുകാഴ്ച്ചകളായി പലപ്പോഴും അഡ്മിഷന്‍ പ്രോസസ് മാറി.

ക്യാംപസിനുള്ളില്‍ തന്നെ പ്രവര്‍ത്തിയ്ക്കുന്ന നിര്‍ബന്ധിത ശാഖകള്‍, പെണ്‍കുട്ടികള്‍ക്കായി പ്രത്യേക പരിവാര്‍ വിഭാഗം, യോജിപ്പില്ലാത്തവരെ തിരഞ്ഞു പിടിച്ച് ഇഞ്ചിപ്പരുവമാക്കി ഭയപ്പെടുത്തി മയപ്പെടുത്തി മിതപ്പെടുത്തുന്ന ഫാസിസത്തിന്റെ നടപ്പുരീതികള്‍, രാഷ്ട്രീയമായി വിയോജിയ്ക്കുന്നവരെ / ന്യൂനപക്ഷങ്ങളെ / ദളിതരെ / ഇതര പിന്നാക്ക വിഭാഗങ്ങളെ കൈകാര്യം ചെയ്യാന്‍ സ്പെഷ്യല്‍ വിഭാഗുകള്‍, അതിനായി കാര്യവാഹുമാര്‍ എല്ലാം ഇവിടെ പരീക്ഷിയ്ക്കപ്പെടുന്നു.

മഹത്തായ പാരമ്പര്യമുള്ള/ അക്കാദമിക നിലവാരം പുലര്‍ത്തിയിരുന്ന ഒരു ക്യാംപസ് മാഫിയാ കേന്ദ്രമായത് ഈ വിധമെല്ലാമാണ്. വെഞ്ഞാറന്മൂട് / കിളിമാനൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നും നഗരത്തിലെ വിവിധ ക്യാംപസുകളില്‍ അധ്യയനം നടത്തുന്നവരിലേയും മാര്‍ – ഇവാനിയസിലേയും എസ്. എഫ്. ഐ സഖാക്കളാണ് ഇവരുടെ പ്രധാന ഇരകള്‍. പ്രാദേശിക ‘ശാരീരിക് പ്രമുഖന്മാര്‍’ ചൂണ്ടിക്കൊടുക്കുന്ന സൂചനകള്‍ പ്രകാരം എം ജി കോളേജിനു മുന്നില്‍ ബസ്സു തടഞ്ഞു നിര്‍ത്തി, ‘ഇരയെ’ കയ്യോടെ യൂണിയന്‍ മുറിയിലേയ്ക്കു കൊണ്ടുപോകുന്നു. പലതരം ഭേദ്യങ്ങള്‍, മൃഗീയ കൈക്രിയകള്‍. ഒടുവില്‍ ജീവച്ഛവമായ് മാനസികനിലപോലും തകര്‍ന്ന് പഠനം അവസാനിപ്പിയ്‌ക്കേണ്ടിവന്ന ഹതഭാഗ്യരുടെ മുഖങ്ങള്‍ മറക്കുന്നതെങ്ങനെ?

എസ്. എഫ്. ഐ എം ജി കോളേജിലേയ്ക്ക് സമാധാനപരമായി നടത്തിയ മാര്‍ച്ചും അതില്‍ പങ്കെടുത്ത എം ജി കോളേജിലെ തന്നെ വിദ്യാര്‍ത്ഥികളും കഴിഞ്ഞ കാലയളവില്‍ രക്ത നക്ഷത്രം ആലേഖനം ചെയ്ത ഈ ശുഭ്രപതാകയ്ക്കു വേണ്ടി ജീവത്യാഗം ചെയ്ത അനശ്വര രക്തസാക്ഷികളോടും കേശവദാസപുരം റോഡില്‍ എം ജി കോളേജ് ചുറ്റുവട്ടങ്ങളില്‍ ഇടി കൊണ്ടും അടികൊണ്ടും പലതായ് മുറിഞ്ഞും പഠനം പാതിയില്‍ ഉപേക്ഷിയ്‌ക്കേണ്ടി വന്നും ആരോഗ്യവും വ്യക്തിജീവിതവും ഛിന്നഭിന്നമായ് പോയും ‘വേദനിച്ചവരോടും നീതി ചെയ്തിരിയ്ക്കുന്നു. എം ജി യിലെ ഏ ബി വി പി സാമൂഹ്യവിരുദ്ധരാല്‍ വീടുകയറി ആക്രമണത്തിനു വിധേയമായ സഖാക്കളുടെ തീ തിന്ന മാതാപിതാക്കളോട്, കുടുംബാംഗങ്ങളോട് കടമ നിര്‍വ്വഹിച്ചിരിയ്ക്കുന്നു.

മാര്‍ച്ച് നടക്കുന്ന വേളയിലെ ലൈവ് ബ്രോഡ്കാസ്റ്റിങ്ങിലും അനുബന്ധ ഉള്ളടക്കങ്ങളേയും അഭിവാദനം ചെയ്ത് അതാതിടങ്ങളില്‍ മുഷ്ടി ചുരുട്ടിയവര്‍ പറഞ്ഞുവെയ്ക്കുന്നതും അതല്ലാതെ മറ്റൊന്നല്ല. ജീവിതം ചുരുങ്ങിയ കാലയളവിലെങ്കിലും താറുമാറായ പരിചിതരും അപരിചിതരുമായ എല്ലാ സഖാക്കളേയും ഓര്‍ക്കുന്നു.

ഉറപ്പ് — ഇത് ഒരുനടയ്ക്ക് തീരില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News