360 രൂപ മോഷ്ടിച്ച കേസില്‍ അഞ്ച് വര്‍ഷം തടവ്; മോഷണം നടന്നത് 29 വര്‍ഷം മുന്‍പ്

ബറേലി: 29 വര്‍ഷം മുന്‍പ് നടത്തിയ മോഷണക്കേസില്‍ ശിക്ഷ വിധിച്ചത് രണ്ട് ദിവസം മുന്‍പ്. 360 രൂപ മോഷ്ടിച്ച കേസിലാണ് രണ്ട് പേരെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലി അഡീഷല്‍ ജില്ലാ കോടതിയാണ് പെറ്റിക്കേസില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം നീതി നടപ്പാക്കിയത്.

1988 ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. വാജിദ് ഹുസൈന്‍ എന്നയാളാണ് കേസിലെ പരാതിക്കാരാന്‍. ഷാജഹാന്‍പുറില്‍ നിന്ന് പഞ്ചാബിലേക്ക് ജോലി അന്വേഷിച്ചു ട്രെയിനില്‍ പോകുകയായിരുന്ന വാജിദ് ഹുസൈനെ ചന്ദ്ര പാല്‍, കനയ്യ ലാല്‍, സര്‍വേശ് എന്നീ മൂന്ന് പേര്‍ ചേര്‍ന്ന് പോക്കറ്റടിച്ചെന്നാണ് കേസ്.

ട്രെയിന്‍ യാത്രയ്ക്കിടെ വാജിദിനോട് സൗഹൃദപൂര്‍വ്വം അടുത്ത മൂവര്‍സംഘം ഇയാള്‍ക്ക് ചായയില്‍ ലഹരിമരുന്ന് കലക്കി കൊടുത്ത് ബോധരഹിതനാക്കിയ ശേഷം പോക്കറ്റിലുണ്ടായിരുന്ന 360 രൂപ കൈക്കലാക്കുകയായിരുന്നു. കേസ് അന്വേഷിച്ച പോലീസ് പ്രതികളെ പിടികൂടി കുറ്റപത്രം തയ്യാറാക്കി കോടതിയിലെത്തിച്ചെങ്കിലും പ്രതികളില്‍ ഒരാളായ ചന്ദ്രപാല്‍ ഒളിവില്‍ പോയതോടെ വിചാരണ തടസ്സപ്പെട്ടു. പിന്നീട് നീണ്ട 15 വര്‍ഷത്തിന് ശേഷം 2004ലാണ് ചന്ദ്രപാല്‍ മരിച്ചു പോയ വിവരം കോടതി അറിയുന്നത്. ഇതോടെ അവശേഷിക്കുന്ന രണ്ട് പേരെ പ്രതികളാക്കി കോടതി വിചാരണയാരംഭിച്ചു,

2012 ല്‍ കേസിലെ പരാതിക്കാരനായ വാജിദ് ഹുസൈന്‍ കോടതിയില്‍ ഹാജരായി സാക്ഷിമൊഴി നല്‍കി. എന്തായാലും അനന്തമായി നീണ്ട കോടതി നടപടികള്‍ ഒടുക്കം പൂര്‍ത്തിയാക്കി കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ വീതം പിഴയും. സംഭവം നടക്കുമ്പോള്‍ 30 കാരനായിരുന്ന വാജിദ് ഹുസൈന് ഇപ്പോള്‍ 59 വയസ്സുണ്ട്. കനയ്യയും സര്‍വേശും അറുപതുകളിലും. ഉത്തര്‍പ്രദേശിലെ ഹരോദിയില്‍ താമസിക്കുന്ന ഇരുവര്‍ക്കും മുതിര്‍ന്ന മക്കളും പേരക്കുട്ടികളുമൊക്കെയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News