
ബര്‍മ്മയില്‍ നിന്നെത്തിയ ലെസ്ലി സായിപ്പ് അബ്ദുള്‍ഖാദറായതും ആ പേരിനൊപ്പം ഒരു ദേശത്തെ മുഴുവനായി ചേര്‍ത്തും വെച്ചതും വലിയ കഥയാണ്. കാലങ്ങള്‍ക്കപ്പുറത്ത് മതം മാറി തുര്‍ക്കി തൊപ്പിയും പൈജാമയും ധരിച്ച് ലെസ്ലി സായിപ്പ് മടങ്ങിയെത്തിയത് സംഗീതത്തിന്റെ അകമ്പടിയോടെയല്ലാതെ കോഴിക്കോട്ടുകാര്‍ക്ക് ഓര്‍ത്തെടുക്കാനാകില്ല. പില്‍ക്കാലത്ത് അബ്ദുള്‍ ഖാദറിനെ മലയാളത്തിന്റെ സൈഗാളാക്കി മാറ്റിയ ഹിന്ദുസ്ഥാനിയുടെ സ്വരസ്ഥാനങ്ങളോരൊന്നും സ്വായത്തമാക്കി ഇഷ്ട ശ്രോതാക്കളുടെ ഇടയിലേക്ക് ജനകീയ പാട്ടുകാരനായുള്ള രംഗ പ്രവേശം കൂടിയായിരുന്നു ആ തിരിച്ചു വരവ്.
സംഗീതം മലയാളിയുടെ ചങ്കില്‍ കനം കെട്ടുന്ന വിങ്ങലായ കാലത്താണ് അബ്ദുള്‍ ഖാദര്‍ പാടി തുടങ്ങിയത്. പാതി ചന്ദ്രനും പത്തു നക്ഷത്രങ്ങളുമുള്ള പാതിരാത്രിയില്‍ ഉറങ്ങാതെ കോഴിക്കോട് അബ്ദുള്‍ ഖാദറിനായി കാതോര്‍ത്തു. ഒരു പകലിന്റെ അധ്വാനഭാരമിറക്കി വെക്കാന്‍ വരുന്ന വലിയങ്ങാടിയിലെ കച്ചവടക്കാരും തൊഴിലാളികളുമായിരുന്നു ആ കാതുകളുടെ ഉടമസ്ഥര്‍. രാവിരുട്ടി വെളുക്കുവോളം പാട്ട്. തട്ടിന്‍പുറത്തെ ഇത്തരം കൂട്ടായ്മകളാണ് കോഴിക്കോടിന്റെ സംഗീത ഭൂപടത്തില്‍ അബ്ദുള്‍ ഖാദറിനെ കുടിയിരുത്തിയത്. പാടി പാടി പാട്ടിനു മാത്രം സമര്‍പ്പിച്ച ജിവിത നാളുകളില്‍ പാടിയ പാട്ടുകള്‍ക്ക് കണക്കില്ല.
വിപ്ലവപ്രസ്ഥാനത്തിനൊപ്പം നിന്ന് പാടിയ വിപ്ലവപ്പാട്ടുകള്‍ മികച്ച രീതിയില്‍ തന്നെ മലബാറിലെ സാധാരണക്കാരുടെ ഇഷ്ടം പിടിച്ചുവാങ്ങാന്‍ പോന്നവയായിരുന്നു. ‘ഇരുനാഴി മണ്ണിനായലയുന്ന കര്‍ഷകര്‍ ഇരുകാലി മാടുകളായിരുന്ന’ കാലത്തിന്റെ പട്ടിണിപ്പാട്ടുകള്‍ വര്‍ഗസമരത്തിന്റെ പടപ്പാട്ടുകളായി മാറിയതങ്ങനെയാണ്. ആര്‍ക്കും അനുകരിക്കാനാവാത്ത ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ മുതല്‍കൂട്ട്. എണ്ണി പറഞ്ഞാല്‍ തീരാത്ത പാട്ടുകളാണ് സിനിമയിലൂടേയും നാടകങ്ങളിലൂടേയും അബ്ദുള്‍ ഖാദറിന്റേതായി പുറത്ത് വന്നത്. അതില്‍ ‘എങ്ങിനെ നീ മറക്കും കുയിലെ’, ‘പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ’, ‘പച്ച പനം തത്തേ’ എന്നിവയെല്ലാം ഇന്നത്തെ തലമുറയിലെ ചിലരെങ്കിലും നെഞ്ചോടു ചേര്‍ത്തു വെക്കുന്നുണ്ട്.
അബ്ദുള്‍ ഖാദറിനു ശേഷം മക്കളായ നജ്മല്‍ ബാബുവും സത്യജിത്തും കോഴിക്കാടിനായി പാടിയെങ്കിലും അത് അധികകാലം നീണ്ടില്ല. സത്യജിത്തിന്റെ മകന്‍ അജിത്താണ് പുതിയ തലമുറയില്‍ അബ്ദുഖാദറിന്റെ പാട്ടിന്റെ വഴിയേ നടക്കുന്നത്. ഓര്‍മ്മകളില്‍ വിരഹത്തിന്റേയും വിഷാദത്തിന്റേയും ഈരടികളാണ് കോഴിക്കോട് അബ്ദുള്‍ ഖാദര്‍. എന്നാല്‍ ആ വലിയ കലാകാരനെ ഓര്‍മിപ്പിക്കാന്‍ ഒരു റോഡു മാത്രമേ കോഴിക്കോട്ട് ഉള്ളൂ എന്നത് ആസ്വാദകഹൃദയങ്ങളില്‍ എന്നും തീരാവേദനയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here