മലയാള സിനിമയിലേക്ക് മറഡോണയും സച്ചിനും വരുന്നു

മലയാള സിനിമയിലേക്ക് മറഡോണയും സച്ചിനും വരുന്നു. സംഭവം സത്യമാണ്. അഭിനയിക്കാനല്ല, ജീവിത കഥയുമായും അല്ല, അവരുടെ പേരുകള്‍ മാത്രമാണ് മലയാളസിനിമയിലേക്ക് കടം കൊള്ളുന്നത് എന്നതാണ് പ്രത്യേകത.

ആഷിക് അബു, ദിലീഷ്‌പോത്തന്‍ തുടങ്ങിയവരുടെ സംവിധായകസഹായി ആയിരുന്ന വിഷ്ണു നാരായണന്റെ കന്നി സിനിമാസംരംഭം ‘മറഡോണ’യുടെ ചിത്രീകരണം ജൂലൈ 30ന് ആരംഭിക്കും. ടോവിനോ തോമസ് ആണ് ചിത്രത്തില്‍ നായകന്‍.

ഫേസ്ബുക്കിലൂടെ ടോവിനോ തോമസ് തന്നെയാണ് ചിത്രത്തെകുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ‘ഈ മറഡോണ ഫുട്‌ബോള്‍ കാണും എന്നല്ലാതെ ഫുട്‌ബോളുമായി വേറെ വല്യ ബന്ധം ഒന്നും ഇല്ല’ എന്ന ടാഗ് ലൈനോടുകൂടിയാണ് ടൊവീനോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പുതുമുഖം ശരണ്യ ആര്‍ നായരാണ് നായിക. ചെമ്പന്‍ വിനോദ് മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അങ്കമാലി ഡയറീസില്‍ യൂ ക്ലാംബ് രാജനായി തകര്‍ത്താടിയ ടിറ്റോ വില്‍സണ്‍, പോര്‍ക് വര്‍ക്കിയായി അഭിനയിച്ച കിച്ചു വര്‍ക്കി, ബര്‍ജര്‍ പട്ടേല്‍, നിഷ്തര്‍ അഹമ്മദ്, ലിയോണ, ജിന്‍സ് ഭാസ്‌കര്‍, നിരഞ്ജന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. കൃഷ്ണമൂര്‍ത്തിയാണ് രചന.

ഫഹദ് ഫാസില്‍ നായകനായ മണിരത്‌നം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ‘സച്ചിന്‍’. പേരു സുചിപ്പിക്കുന്നതു പോലെ ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്നു. അജു വര്‍ഗീസും മറ്റൊരു ഒരു പ്രധാന വേഷത്തിലെത്തുന്നു.പൂജ കഴിഞ്ഞ ഈ ചിത്രം ജുലായ് മൂന്നാം വാരം മുതല്‍ പുനലൂരില്‍ ഷൂട്ടിംഗ് ആരംഭിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here