വടക്കഞ്ചേരിയില്‍ മകന്റെ ഭാര്യയോട് തലാഖ് ആവശ്യപ്പെട്ട് ഭര്‍ത്തൃപിതാവ്; പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ മുസ്ലിംലീഗ് നേതാക്കളുടെ ഇടപെട്ടതായി പരാതി

വടക്കഞ്ചേരി: മകന്റെ ഭാര്യയോട് തലാഖ് ആവശ്യപ്പെട്ട് ഭര്‍ത്തൃപിതാവ്. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ പെണ്‍കുട്ടിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താനാവശ്യപ്പെട്ടാണ് മഹല്ല് കമ്മറ്റി വഴി ഭര്‍ത്തൃപിതാവ് കത്ത് നല്‍കിയത്. നിയമവിരുദ്ധമായ തലാഖിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു. അതേ സമയം പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ മുസ്ലിംലീഗ് നേതാക്കളുടെ ഇടപെട്ടതായി പരാതി.

പാലക്കാട് വടക്കഞ്ചേരിയിലുള്ള യുവതിയില്‍ നിന്നാണ് ഭര്‍ത്തൃ പിതാവ് മഹല്ല് കമ്മറ്റി വഴി തലാഖ് ആവശ്യപ്പെട്ടത്. ഖത്തറില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന യുവതിയും മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം 2016 മാര്‍ച്ച് 27നാണ് നടന്നത്. കുറച്ച് നാള്‍ ഒരുമിച്ച് കഴിഞ്ഞ ശേഷം ഭര്‍ത്താവിന്റെ സമ്മതത്തോടെ സഹോദരനോടൊപ്പം ജോലി സംബന്ധമായ ആവശ്യത്തിനായി യുവതി ഖത്തറിലേക്ക് മടങ്ങി. തുടര്‍ന്ന് ഭര്‍ത്താവിനും ഗള്‍ഫിലേക്ക് പോകാനായി വിസ തയ്യാറാക്കി.

ഒരുതവണ ഗള്‍ഫിലെത്തി നാട്ടിലേക്ക് യുവാവ് മടങ്ങി. ഇതിനു ശേഷം യുവാവിനെ കാണാനില്ലെന്നാണ് യുവതിക്കും കുടുംബത്തിനും ഭര്‍ത്തൃ വീട്ടുകാരില്‍ നിന്നും ലഭിച്ച മറുപടി. എന്നാല്‍ എംബസി വഴി അന്വേഷണം നടത്തിയപ്പോള്‍ യുവാവ് സൗദിയില്‍ എത്തിയിട്ടുണ്ടെന്ന വിവരമാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് പിതാവ് മകന് വിവാഹ ബന്ധത്തില്‍ താത്പര്യമില്ലെന്നും വിവാഹ ബന്ധത്തില്‍ താത്പര്യമില്ലെന്നും തലാഖ് വേണമെന്നും മഹല്ല് വഴി ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ.

‘ എന്നോട് തലാഖിന്റെ കാര്യങ്ങള്‍ ഒന്നും ആരും പറഞ്ഞിരുന്നില്ല. ആ സമയത്ത് ഞാന്‍ വിദേശത്തായിരുന്നു. അതും എന്റെ ഭര്‍ത്താവിന്റെ വാപ്പയാണ് അയച്ചത്. എന്റെ ഭര്‍ത്താവല്ല. ഭര്‍ത്താവിനെ കാണ്‍മാനില്ലെന്നാണ് അവര്‍ എന്നോട് പറഞ്ഞിരുന്നത്. എംബസി വഴി അന്വേഷിച്ചപ്പോഴാണ് മറ്റൊരു വിദേശ രാജ്യത്ത് ഭര്‍ത്താവുണ്ടെന്ന് മനസ്സിലായത്. ഞാനും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഒരു പാട് പെണ്‍കുട്ടികള്‍ ഇത് വിധിയാണെന്ന് കരുതി നടക്കുന്നവരുണ്ട്.. പക്ഷേ ഇത് വിധിയല്ല. ഇങ്ങിനെയൊരു കാര്യം ചെയ്യുന്നതിന് മുന്‍പ് തന്നെ അതിന് ഇസ്ലാമിക നിയമമനുസരിച്ച് ഒരുപാട് നടപടിക്രമങ്ങള്‍ ഉണ്ട്. അതൊന്നും പാലിക്കാതെ ഒറ്റയടിക്കാണ് ഈ കത്തയച്ചത്. വാപ്പയാണ് ഇങ്ങിനെയൊരു കത്ത് അയച്ചത്.

നിയമവിരുദ്ധമായ തലാഖിനെതിരെ യുവതിയുടെ കുടുംബം മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സാമ്പത്തികം കുറവാണെന്നും സൗന്ദര്യമില്ലെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇടക്കിടെ പറഞ്ഞ് ഭര്‍ത്തൃവീട്ടുകാര്‍ മാനസികമായി പീഢിപ്പിക്കുമായിരുന്നുവെന്നും വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണ്ണവും പിന്നീട് വിവിധ സമയങ്ങളിലായി നല്‍കിയ പണവും തിരിച്ചു നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

ഇതിനിടെ കേസ് ഒത്തുതീര്‍ക്കാന്‍ മുസ്ലീംലീഗ് നേതാക്കള്‍ ഇടപെട്ടതായി യുവതിയുടെ സഹോദരന്‍ പറഞ്ഞു.
ചില പ്രാദേശിക മുസ്ലീംലീഗ് നേതാക്കളാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. മുസ്ലീംലീഗ് മുന്‍ മന്ത്രിയുടെ പിഎ എന്ന പേരിലും ഒരാള്‍ വിളിച്ചിരുന്നു. കേസിനൊന്നും പോകരുതെന്നും ഒത്തുതീര്‍പ്പിലെത്തണമെന്നും ആവശ്യപ്പെട്ടു. ഒഴിവായാല്‍ നഷ്ടപരിഹാരം തരാമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ നടത്തിയത് ബിസിനസല്ലെന്നും വിവാഹമാണെന്നും തീര്‍ത്തു പറഞ്ഞു.

നിയമവിരുദ്ധമായ തലാഖ് നടപടികളും മറ്റ് കാര്യങ്ങളും ചൂണ്ടിക്കാട്ടി വനിതാകമ്മീഷനും വഖഫ് ബോര്‍ഡിനും കൂടി പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് യുവതിയുടെ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel