മതത്തിന്റെ തടവറയില്‍ അകപ്പെടുന്നവരാണ് തീവ്രവാദികളായി മാറുന്നത്‌: മുല്ലക്കര രത്നാകരന്‍

മതത്തിന്റെ തടവറയില്‍ അകപ്പെടുന്നവരാണ് തീവ്രവാദികളായി മാറുന്നതെന്നും രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും ബോധപൂര്‍വ്വവും വിസ്മരിക്കുന്നവരാണ് ഹിന്ദുത്വത്തിന് വേണ്ടി വാദിക്കുന്നതെന്നും സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍ പറഞ്ഞു.

രാജ്യത്ത് ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുന്നതിനായി ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന സമീപനമാണ് മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കശാപ്പു നിരോധനത്തിലൂടെ മനുഷ്യരുടെ ആഹാര സംസ്‌കാരത്തിന് മേലുള്ള കടന്നാക്രമണമാണ് മോഡി നടത്തിയിരിക്കുന്നത്.

സംഘ പരിവാര്‍ ശക്തികളുടെ നോമിനിയായി മാറിയ മോഡി ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് സവര്‍ണ്ണ മേധാവിത്വം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ദളിതരും പിന്നോക്കക്കാരും ഗോരക്ഷയുടെ മറവില്‍ രാജ്യത്ത് കൊല്ലപ്പെടുന്നത് സവര്‍ണ്ണ മേധാവിത്വം സ്ഥാപിക്കാനുള്ള സംഘ പരിവാര്‍ ശക്തികളുടെ അജണ്ടയുടെ ഭാഗമാണെന്നും മുല്ലക്കര രത്നാകരന്‍ പറഞ്ഞു.

കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും മറന്നുള്ള ഭരണമാണ് മോഡി നടത്തുന്നത്. രാജ്യത്ത് ദാരിദ്ര്യം പടര്‍ന്ന് പിടിക്കുമ്പോഴും അവര്‍ക്ക് അവകാശപ്പെട്ട റേഷന്‍ പോലും നിഷേധിച്ചിരിക്കുകയാണ്. പൊതുമേഖലയെ തകര്‍ക്കുന്ന സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതോടെ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക രംഗത്തും കാവി വല്‍ക്കരണം നടത്താനുള്ള ശ്രമം നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്റെ പാരമ്പര്യമൂലം തച്ചുടക്കാനാണ് സംഘപരിവാര്‍ ശക്തികളെ കൂട്ട് പിടിച്ച് മോഡി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് ബദല്‍ രാഷ്ട്രീയം ശക്തിപ്പെടുത്തിയാല്‍ മാത്രമേ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം പൂര്‍ണ്ണതയിലെത്തുകയുള്ളു ഇതിനായി മതേതരചിന്താഗതിയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി അണിനിരക്കണം. മേല്‍ തട്ടിലുള്ള ആഹ്വാനം കൊണ്ട് മാത്രം ഇത് നടപ്പിലാകില്ല. താഴെ തട്ടിലുള്ള കൂട്ടായ്മയാണ് വേണ്ടതെന്നും മുല്ലക്കര രത്നാകരന്‍ പറഞ്ഞു.

എ ഐ വൈ എഫ്- എ ഐ എസ് എഫ് ദേശീയ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിന് ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News