
തിരുവനന്തപുരം: ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതിയെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാനത്തെ ഉന്നത നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുതിര്‍ന്ന നേതാവ് എം ടി രമേശും പ്രതിക്കൂട്ടിലാകുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.
സംസ്ഥാന ബി ജെ പിയെ പിടിച്ചു കുലുക്കിയ സ്വാശ്രയ മെഡിക്കല്‍ കോളേജ് വിവാദം കത്തുകയാണ്. വര്‍ക്കലയിലെ സ്വാശ്രയ മെഡിക്കല്‍കോളേജിന് 150 മെഡിക്കല്‍ സീറ്റിനായി ബിജെപി നേതാക്കള്‍ കോഴവാങ്ങിയത് പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്. 15 കോടി രൂപയായിരുന്നു പറഞ്ഞുറപ്പിച്ചിരുന്ന തുക. പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനേതാക്കള്‍ ദില്ലി കേന്ദ്രീകരിച്ച് നടത്തിയ കോഴയില്‍ സംസ്ഥാനത്തെ ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടായിരുന്നു.
പണം നല്‍കിയെന്ന് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍ ഷാജി അന്വേഷണകമ്മീഷനോട് വ്യക്തമാക്കിയിട്ടുണ്ട്. പണം കൊടുത്തത് ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്.വിനോദിന്റെ കയ്യിലായിരുന്നെന്നും ഷാജി വ്യക്തമാക്കി. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
5 കോടി 60 ലക്ഷം രൂപയാണ് കോഴയായി വാങ്ങിയതെന്നാണ് അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചിട്ടുള്ളത്. കുഴല്‍പ്പണമായി തുക ദില്ലിയിലെ ഇടനിലക്കാരന് കൈമാറിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ബിജെപി നേതാവ് എം ടി രമേശും പ്രതിപ്പട്ടികയിലാണ്. ചെര്‍പ്പുളശ്ശേരിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ പണം നല്‍കിയത് രമേശ് വഴിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കര്‍ശന നടപടി വേണമെന്ന് ശുപാര്‍ശ ചെയ്യുന്ന അന്വേഷണ കമ്മീഷന് നേതൃത്വം നല്‍കിയത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍, ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരാണ്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അഴിമതി ആരോപണം എന്‍ ഡി എ സഖ്യകക്ഷി നേതാവായ വെള്ളാപ്പള്ളി നടേശന്‍ ആദ്യം കുമ്മനത്തിനെയാണ് ധരിപ്പിച്ചത്. എന്നാല്‍ ആരോപണത്തെ കുമ്മനം മുഖവിലയ്‌ക്കെടുത്തിരുന്നില്ല.
മെഡിക്കല്‍ സ്വാശ്രയ കോഴയില്‍ മുങ്ങി കേരളത്തിലെ ബിജെപി
മെഡിക്കല്‍ കോഴ; ബിജെപിയില്‍ പൊട്ടിത്തെറി; കോഴവിവാദം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച അടിയന്തര യോഗം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here