മെഡിക്കല്‍ കോഴവിവാദത്തില്‍ ബി ജെ പിയെ കുടുക്കിയത് വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ കൃത്യമായ നീക്കങ്ങള്‍ ഇങ്ങനെ

തിരുവനനന്തപുരം: BJP സംസ്ഥാനനേതാക്കള്‍ക്കെതിരെ ഉയര്‍ന്ന സ്വാശ്രയമെഡിക്കല്‍കോഴ അഴിമതിയില്‍, അന്വേഷണത്തിന് വഴിവെച്ചത് SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഇടപെടലായിരുന്നു. തിരുവനന്തപുരം വര്‍ക്കലയിലെ സ്വാശ്രയ മെഡിക്കല്‍കോളേജ് ഉടമയില്‍ നിന്ന് കോളേജിന് 150 മെഡിക്കല്‍ സീറ്റ് വാങ്ങികൊടുക്കാമെന്ന് പറഞ്ഞ് 15 കോടി രൂപയായാണ് BJP നേതാക്കള്‍ കോളേജ് ഉടമയുമായി ഡീല്‍ ഉറപ്പിച്ചത്.

ഡീല്‍ പ്രകാരം 5 കോടി രൂപ കോളേജ് ഉടമ BJP ഓഫീസിലെ സെല്‍ ഭാരവാഹിയ്ക്ക് കൈമാറി. എന്നാല്‍ മെഡിക്കല്‍ പിജി സീറ്റോ, അധിക മെഡിക്കല്‍ സീറ്റോ ശരിയാക്കി കൊടുക്കാന്‍ ഇടനിലക്കാരുടെ കാലതാമസം മൂലം കഴിയാതെ വന്നു. തുടര്‍ന്ന് വര്‍ക്കല സ്വകാര്യമെഡിക്കല്‍ കോളേജിന്റെ ഉടമ വിവരം തന്റെ നേതാവായ SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ധരിപ്പിച്ചു.
വര്‍ക്കലയിലെ സജീവ SNDP യോഗം പ്രവര്‍ത്തകനും ബിസിനസ്സുകാരനുമായ, മെഡിക്കല്‍ കോളേജ് ഉടമ , വെള്ളാപ്പള്ളിയുടെ വിശ്വസ്തനും മന:സാക്ഷി സൂക്ഷിപ്പുകാരില്‍ ഒരാളുമാണ്. അതുകൊണ്ട് തന്നെ വിഷയം ഉടന്‍ വെള്ളാപ്പള്ളി നടേശന്‍ BJP സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ശ്രദ്ധയില്‍പ്പെടുത്തി. പക്ഷേ കുമ്മനം വിഷയത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല.

ഇതിനെ തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ കോഴ വിവാദം BDJS ദേശീയഭാരവാഹികൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ അറിയിക്കുകയായിരുന്നു. തുഷാറാണ് കോഴ അഴിമതി കാര്യം BJP ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പിന്നീട് പാലക്കാട് നടന്ന BJP സമ്മേളനത്തില്‍ ബിജെപിയിലെ വി മുരളീധരപക്ഷം കോഴ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.

ഇത് രണ്ടും ആയപ്പോള്‍ അന്വേഷണം പ്രഖ്യാപിക്കുക എന്നതല്ലാതെ മറ്റൊരു വഴി അമിത് ഷായ്ക്ക് മുന്നില്‍ വന്നില്ല. അങ്ങനെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ,സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. മെഡിക്കല്‍ കോഴ അഴിമതി ശരിവയ്ക്കുന്ന തരത്തിലുള്ള ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here