ശബരിമല വിമാനത്താവളം ചെറുവളളി എസ്റ്റേറ്റില്‍; പി എച്ച് കുര്യന്‍ സമിതിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള വിമാനത്താവളം കാഞ്ഞിരപ്പളളി താലൂക്കില്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി എസ്റ്റേറ്റില്‍ നടപ്പാക്കാന്‍ തീരുമാനം. സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം പണിയാന്‍ തീരുമാനിച്ചത്. ഇവിടെ 2263 ഏക്കര്‍ ഭൂമിയുണ്ട്. രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം. ഇവിടെ നിന്ന് ശബരിമലയിലേക്ക് 48 കി. മീറ്ററാണ് ദൂരം. കൊച്ചിയില്‍ നിന്ന് 113 കിലോ മീറ്റര്‍ ദൂരവുമാണുള്ളത്.

അതേസമയം സോളാര്‍ ജുഡീഷല്‍ കമ്മീഷന്റെ കാലാവധി 2 മാസത്തേക്ക് നീട്ടാന്‍ മാന്ത്രിസഭാ യോഗം തീരുമാനിച്ചു. സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷല്‍ കമ്മീഷനായ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ കാലാവധി നേരത്തെ അവസാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് കമ്മീഷന്റെ കാലാവധി 2 മാസത്തേയ്ക്ക് നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നിയമസഭയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 7 മുതല്‍ 24 വരെ ചേരാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യും.

പുതിയ ഐഎഎസ് നിയമനങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയുടെ സ്‌പെഷ്യല്‍ ഓഫീസറായി കെ ഗോപാലകൃഷ്ണനെയും കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ സ്‌പെഷ്യല്‍ ഓഫീസറായി മുഹമ്മദ് ഹനീഷിനെയും നിയമിക്കും. പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി ശര്‍മിള മേരി ജോസഫ് നിയമിതയാകും. ജി രാജേന്ദ്രനെ പിഎസ്‌സിയുടെ പുതിയ അംഗമായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News