മെഡിക്കല്‍ കോഴ; ബിജെപിയില്‍ പൊട്ടിത്തെറി; കോഴവിവാദം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച അടിയന്തര യോഗം

തിരുവനന്തപുരം: സംസ്ഥാന ബി ജെ പി യെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച അടിയന്തര സംസ്ഥാന കമ്മിറ്റിയോഗം വിളിച്ചു. ബി ജെ പി കേന്ദ്ര നേതൃത്വം നിയോഗിച്ച അന്വേഷണകമ്മീഷന്റെ ഞെട്ടിക്കുന്ന കണ്ടെത്തുകളെ തുടര്‍ന്നുള്ള യോഗം സംസ്ഥാന ബി ജെ പിയില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ സംസ്ഥാന അധ്യക്ഷന്മാര്‍ തമ്മിലുള്ള ബലാബലത്തിനും ബി ജെ പി സംസ്ഥാന കമ്മിറ്റി സാക്ഷ്യം വഹിക്കും. പി കെ കൃഷ്ണദാസ് പക്ഷത്തിനെതിരെ വി മുരളീധര പക്ഷവും കരുതിക്കൂട്ടി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. അഴിമതി ആരോപണത്തിന്റെ സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ മുരളി ഗ്രൂപ്പ് അത് ആയുധമാക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ മാത്രമായി വിഷയം ഒതുക്കി തീര്‍ക്കാന്‍ ഉന്നത കേന്ദ്രങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ വാര്‍ത്ത പുറത്തെത്തിച്ചതും മുരളി ഗ്രൂപ്പിന്റെ നീക്കങ്ങളായിരുന്നു.

സ്വാശ്രയ മെഡിക്കല്‍കോളേജിന് കൂടുതല്‍ സീറ്റ് വാങ്ങിനല്‍കുന്നതിനായി ബിജെപി സംസ്ഥാനനേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയെന്ന വി.മുരളീധരപക്ഷം നേതാക്കളുടെ ആരോപണത്തിന്റെയും സംഭവത്തില്‍ കോളേജ് ഉടമ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുമ്മനത്തെകൊണ്ട് അന്വേഷണം പ്രഖ്യാപിപിച്ചത്.

പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശനും സംസ്ഥാന സെക്രട്ടറി എ കെ നസീറുമടങ്ങിയ അന്വേഷണ കമ്മീഷന്‍ കൃത്യമായി രേഖകള്‍ പരിശോധിച്ചതോടെ സംസ്ഥാനം ഞെട്ടിയ കോഴക്കഥയാണ് പുറത്തുവന്നത്. വിഷയം പാര്‍ട്ടിയില്‍ വമ്പന്‍ പൊട്ടിത്തെറിക്ക് കാരണമാകുമ്പോള്‍ കൃഷ്ണദാസ് പക്ഷവും കരുതിക്കൂട്ടിയാണ് നീക്കങ്ങള്‍ നടത്തുന്നത്. മുരളി വിഭാഗത്തെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

മുരളി പക്ഷനേതാക്കള്‍ക്കെതിരെ നേരത്തെ തന്നെ ഉയര്‍ന്ന പാലക്കാട് മെഡിക്കല്‍ കോളേജ് കോഴ അഴിമതി ആയുധമാക്കാനുള്ള നീക്കത്തിലാണ് കൃഷ്ണദാസ് ക്യാമ്പ്. ശനിയാഴ്ചത്തെ യോഗത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് അഴിമതിയെക്കുറിച്ചും ചര്‍ച്ച വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here