പള്‍സറിന്റെ മുന്‍ അഭിഭാഷകന്‍ നാളെ ചോദ്യംചെയ്യലിന് ഹാജരാകും; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി; അറസ്റ്റിന് തടസ്സമില്ല

കൊച്ചി: ജാമ്യമില്ലാ കുറ്റം കണ്ടെത്തിയാല്‍ അഭിഭാഷകനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലന്ന് ഹൈക്കോടതി. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു കോടതി. കേസ്ഡയറി വിശദമായി പരിശോധിച്ച കോടതി അഭിഭാഷകനെതിരെ ഇതുവരെ ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമേ ചുമത്തിയിട്ടുള്ളൂ എന്ന് വിലയിരുത്തി.

നാളെ ചോദ്യം ചെയ്യുമ്പോള്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യം ചെയ്തതായി കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല. നാളെ രാവിലെ 11 മണിക്ക് മുന്‍പായി അഭിഭാഷകന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം. പോലീസിന്റെ നടപടി അഭിഭാഷക സമൂഹത്തെ ആകെ ബാധിക്കുന്നതാണെന്ന പ്രതീഷ് ചാക്കോയുടെ വാദം കോടതി തള്ളി .

മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. അഭിഭാഷകന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഒരിക്കല്‍ പ്രതീഷ് ചാക്കോയുടെ മൊഴി രേഖപ്പെടുത്തിയിരുന്നതായി പോലീസ് അറിയിച്ചു. പള്‍സര്‍ സുനി മൊബെല്‍ ഫോണ്‍ തനിക്ക് കൈമാറിയിരുന്നതായി അന്ന് സമ്മതിച്ചു. എന്നാല്‍ കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറാന്‍ അഭിഭാഷകന്‍ തയ്യാറാകുന്നില്ലന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പ്രതീഷ് ചാക്കോയുടെ ജൂണിയര്‍ അഭിഭാഷകനായ രാജു ജോസഫില്‍ നിന്നും ഒരു മെമ്മറി കാര്‍ഡ് പിടിച്ചെടുത്ത് അത് ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here