
മലയാള സിനിമ വന്‍ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴും നാട്ടിന്‍പുറങ്ങളിലെ തീയേറ്ററുകളെ രക്ഷിച്ചരുന്നത് ‘നൂണ്‍ഷോ’ പടങ്ങളായിരുന്നു. മൊബൈല്‍ തരംഗമെത്തിയതോടെയാണ് ഷക്കീലയും മറിയയും രേഷ്മയുമടങ്ങുന്ന താരനിരയ്ക്കുമപ്പുറം കേട്ടുകേള്‍വിയില്ലാത്ത പേരുമായി എത്തിയിരുന്ന അന്യഭാഷാ ചിത്രങ്ങളുടെ വരവിനും അവസാനമായത്. ഡിജിറ്റല്‍ തരംഗം കൊടുമ്പിരു കൊള്ളുമ്പോഴും ചൂടന്‍ സിനിമകളുടെ തിരിച്ചു വരവിലൂടെ നെടുവീര്‍പ്പിടുകയാണ് സി ക്ലാസ് തീയേറ്ററുകള്‍.
നഗരത്തിലെ മള്‍ട്ടി പ്ലക്‌സുകളിലും എ ക്ലാസ് തീയേറ്ററുകളിലും കളിച്ചെത്തുന്ന ചിത്രങ്ങള്‍ മാത്രമാണ് ക്ലാസിഫിക്കേഷനില്‍ പിന്നിലാക്കപ്പെട്ടുപോയ ഗ്രാമ പ്രദേശങ്ങളിലെ സിനിമാ ശാലകള്‍ക്ക് വരുമാനം നല്‍കിയത്. എന്നാല്‍ അന്‍പതും നൂറും ദിവസങ്ങള്‍ ഓടിയിരുന്ന മെഗാഹിറ്റ് സിനിമകളുടെ കാലം കഴിഞ്ഞതോടെ മാസങ്ങള്‍ പിന്നിട്ട് ബി ക്ലാസ്, സി ക്ലാസ് തീയേറ്ററുകളില്‍ എത്തുന്ന പടങ്ങള്‍ക്ക് ആളുകയറാതെയായി.
അടുത്തകാലത്ത് കമ്മട്ടിപ്പാടം, മഹേഷിന്റെ പ്രതികാരം, പുലിമുരുകന്‍, അങ്കമാലി ഡയറീസ് തുടങ്ങി ചുരുക്കം ചിത്രങ്ങള്‍ക്ക് മാത്രമാണ് ഇതിനെ അതിജീവിച്ച് ചെറു തീയേറ്ററുകളിലേക്ക് ആളെയെത്തിക്കാന്‍ സാധിച്ചുള്ളു. ആഴ്ച്ചകള്‍ മാത്രം നീളുന്ന പ്രദര്‍ശനത്തിനു പിന്നാലെ പുതുപുത്തന്‍ ചിത്രങ്ങള്‍ മൊബൈലുകളിലെത്തുന്നതും ചെറു തീയേറ്ററുകളുടെ പ്രതിസന്ധി പതിന്‍മടങ്ങാക്കി.
ഇതിനിടെയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സി ക്ലാസ് തീയേറ്റര്‍ ഉടമകള്‍ പയറ്റിയ ‘നൂണ്‍ഷോ പടങ്ങള്‍’ എന്ന തന്ത്രം പൊടിതട്ടിയെത്തുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ മാത്രമല്ല, റീലീസ് സിനിമകള്‍ ലഭിക്കാത്ത നഗരകേന്ദ്രങ്ങളിലെ തീയേറ്ററുകളിലും ‘എ’ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങള്‍ തിരികെയെത്തുകയാണ്. പഴയ സിനികള്‍ പേരുമാറ്റി തിരികെയെത്തിച്ചും, പേരില്ലാത്ത ചിത്രങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചും മസാല തരംഗം തിരികെയെത്തുമ്പോള്‍ കാണാന്‍ ആളെ കിട്ടുമോ എന്ന ആശങ്ക തീയേറ്റര്‍ ഉടമകള്‍ക്ക് തീരെയില്ല.
അടുത്തകാലത്തിറങ്ങിയ സൂപ്പര്‍ താരങ്ങളുടെ സിനിമകളേക്കാള്‍ കളക്ഷനാണ് മസാല ചിത്രങ്ങളുടെ നൂണ്‍ ഷോ, മാറ്റിനി പ്രദര്‍ശനങ്ങള്‍ തീരുമ്പോള്‍ പെട്ടിയിലാകുന്നത്. വാലും തലയുമില്ലാത്ത നീലച്ചിത്രങ്ങള്‍ വെബ് സൈറ്റില്‍ സുലഭമായ കാലത്തും ചൂടന്‍ രംഗങ്ങള്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ യുവാക്കള്‍ക്കൊപ്പം പഴയതലമുറയും ഒരുപോലെ സമയം കണ്ടെത്തുന്നുണ്ട് എന്നതാണ് രസകരം. ഇതിനു തെളിവാണ് മുന്‍നിര സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ ഈച്ചയാട്ടിയിരിക്കുമ്പോഴും നഗരമധ്യത്തിലെ ‘നൂണ്‍ ഷോ’ തീയേറ്ററില്‍ അനുഭവപ്പെടുന്ന തിരക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here