കൊച്ചി: നഴ്‌സിങ്ങ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥത സമിതി നടത്തിയ ശ്രമം പരാജയപ്പെട്ടു. നഴ്‌സുമാരും ആശുപത്രി മാനേജ്‌മെന്റുകളും മുന്‍ നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടത്. നാളെ കൂട്ടയവധി എടുത്ത് പ്രതിഷേധിക്കുമെന്ന് നഴ്‌സുമാരുടെ സംഘടന ഭാരവാഹികള്‍ അറിയിച്ചു.
ശമ്പളം വര്‍ധിപ്പിക്കില്ലെന്ന നിലപാടില്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ ഉറച്ച് നിന്നതോടെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമരം ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു യുഎന്‍എ കോടതിയെ സമീപിച്ചത്. ഇതെ തുടര്‍ന്ന് പ്രശ്‌നത്തില്‍ സമവായം ഉണ്ടാക്കാന്‍ ഹൈക്കോടതി മധ്യസ്ഥ സമിതിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരടങ്ങുന്ന മധ്യസ്ഥ സമിതി യുഎന്‍എ പ്രതിനിധികളെയും ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളെയും ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു.
അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന ആവശ്യത്തില്‍ നഴ്‌സുമാര്‍ ഉറച്ചു നിന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 17,200 രൂപ മാത്രമെ നല്‍കാനാവൂ എന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. ഇരു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. നാളെ കൂട്ടയവധി എടുത്ത് പ്രതിഷേധിക്കുമെന്ന് നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചക്ക് ശേഷം അറിയിച്ചു. ഉള്ളവരെ വെച്ച് ആശുപത്രി പ്രവര്‍ത്തിപ്പിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും പറഞ്ഞു. അതേ സമയം പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രി നാളെ നഴ്‌സുമാരുമായി ചര്‍ച്ച നടത്തും.
Get real time update about this post categories directly on your device, subscribe now.