കൊച്ചി: 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. സുനിയെ അടുത്ത ദിവസങ്ങളില്‍ സംഭവം നടന്ന സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കും.
2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ കേസും ഗുരുതരമായ കുറ്റമായതിനാല്‍ പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും മറ്റ് നാല് പ്രതികള്‍ക്കുമൊപ്പം ചോദ്യം ചെയ്യേണ്ടതിനാലും സുനിയെ കസ്റ്റഡിയില്‍ വേണമെന്ന് സെന്‍ട്രല്‍ പൊലീസ് ആവശ്യപ്പെട്ടു.
നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ടെന്‌പോ ട്രാവലര്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയതായാണ് സംശയമെന്നും പൊലീസ് പറഞ്ഞു. എട്ട് ദിവസത്ത കസ്റ്റഡി ആവശ്യപ്പെട്ട പൊലീസിന് എറണാകുളം സിജെഎം കോടതി അഞ്ച് ദിവസം കസ്റ്റഡിയില്‍ നല്‍കി. പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു കാക്കനാട്ട് ജയിലില്‍ കഴിഞ്ഞ സുനിയെ എറണാകു!ളം സിജെഎം കോടതിയില്‍ ഹാജരാക്കിയത്.
കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സുനി കോടതിയില്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയി എന്ന് പറയുന്ന നടിക്ക് പോലും തനിക്കെതിരേ പരാതിയില്ലെന്നും പറഞ്ഞ സുനി, തന്നെ കസ്റ്റഡിയില്‍ വാങ്ങുന്ന ഉദ്യോഗസ്ഥരല്ല ചോദ്യം ചെയ്യുന്നതെന്നും കോടതിയെ അറിയിച്ചു. മൂന്നര വര്‍ഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി എ ആളൂരും വാദിച്ചു. എന്നാല്‍ വാദങ്ങള്‍ തളളിയ കോടതി സുനിയെ പൊലീസ് കസ്റ്റഡിയില്‍ നല്‍കുകയായിരുന്നു.
സുനിയെ തെളിവെടുപ്പിനായി സെന്‍ട്രല്‍ സിഐ എ അനന്തലാലിന്റെ നേതൃത്വത്തിലുളള സംഘം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകും. നിര്‍മ്മാതാവ് ജോണി സാഗരിക നല്‍കിയ പരാതിയിലാണ് സുനിക്കെതിരെ വീണ്ടും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തത്. 2011 ജനുവരി 5ന് ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മറ്റൊരു നടിയെയും സുനിയും സംഘവും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. കേസില്‍ സംഘാംഗങ്ങളായ അഷ്‌റഫ്, സുനീഷ്, എബിന്‍, വിപിന്‍ എന്നിവരും പിടിയിലായിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.