രാജ്യത്തിന്റെ പ്രഥമപൗരനെ ഇന്നറിയാം; വോട്ടെണ്ണല്‍ ഇന്ന്

ദില്ലി: രാജ്യത്തിന്റെ പതിനാലാമത് പ്രഥമപൗരനെ ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന്. വോട്ടെണ്ണല്‍ രാവിലെ 11 മണി മുതല്‍ ആരംഭിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാംഥ് കോവിന്ദിന് പ്രതിപക്ഷസ്ഥാനാര്‍ഥി മീരാ കുമാറിനേക്കാള്‍ മുന്‍തൂക്കമുണ്ട്. 70 ശതമാനത്തിലേറെ വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഉച്ചയോടെ ഫലമറിയാം.

രാഷ്ട്രതിയെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലുമാണ് പോളിങ് ബൂത്തുകള്‍ ക്രമീകരിച്ചിരുന്നത്. രാം നാഥ് കോവിന്ദിന് എന്‍ഡിഎ കക്ഷികള്‍ക്കു പുറമെ ജെഡിയു, എ.ഐ.എ.ഡിഎംകെ, ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഡിഎംകെ കക്ഷികളും പിന്തുണ ഉണ്ടായിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 139 എംഎല്‍എമാരും വോട്ട് രേഖപ്പെടുത്തി. 138 പേര്‍ കേരള നിയമസഭയിലും പാറക്കല്‍ അബ്ദുള്ള ചെന്നൈയിലാണ് വോട്ടു ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവരെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു.

ആകെ 726 എം.പിമാരും 4120 എം.എല്‍എമാരുമാണ് വോട്ട് ചെയ്യ്തത്. രാജ്യസഭയിലും ലോക്‌സഭയിലുമുള്ള 776 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും 4,120 എം.എല്‍.എമാര്‍ക്കുമാണ് രാജ്യത്തിന്റെ പ്രഥമപൗരനെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശമില്ല. തെരഞ്ഞെടുപ്പിലുള്ള ആകെ വോട്ട് മൂല്യം 10,98,903 ആണ്. വിജയിക്കാന്‍ 5,49,001 വോട്ടുകള്‍ ലഭിക്കണം. ഒരു എം.പിയുടെ വോട്ട് മൂല്യം 708 ആണ്. കേരളത്തിന്റെ മൂല്യം 152 ആണ്.

വിജയിക്കുന്നയാള്‍ക്ക് 25ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രഹസ്യ ബാലറ്റ് ഉപയോഗിക്കുന്നതിനാല്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താന്‍ പാടില്ലെന്നുണ്ട്. പ്രത്യേക സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യണമെന്ന് വിപ്പ് നല്‍കാനും പാടില്ലെന്നത് ഇരു സ്ഥാനാര്‍ഥികള്‍ക്കും പ്രതീക്ഷനല്‍കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here