കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതോടൊപ്പം അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഹൈക്കോടതി വിധി പറയും. പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതിയും ഇന്ന് വിധി പറയും. കേസില്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രദീഷ് ചാക്കോ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകും.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിലായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച അപേക്ഷ പരിഗണിച്ച കോടതി സര്‍ക്കാരിന് നിലപാട് അറിയിക്കാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹര്‍ജി പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ജാമ്യാപേക്ഷ മാറ്റിയത്. ക്രിമിനലായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നതെന്നും ഗൂഢാലോചന തെളിയിക്കാന്‍ തെളിവുകള്‍ ഇല്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ കെ രാംകുമാറിന്റെ വാദം.
എന്നാല്‍ ദിലീപിനെതിരെ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും 19 തെളിവുകള്‍ ഉണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വാദിക്കുക. പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും ഡിജിപി വാദിക്കും. ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യം സംബന്ധിച്ച വലിയ വാദപ്രതിവാദങ്ങള്‍ തന്നെയുണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കും.
അപ്പുണ്ണി ഇപ്പോഴും ഒളിവിലാണ്. സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രദീഷ് ചാക്കോയുടെ അറസ്റ്റ് ഹൈക്കോടതി തടയാത്ത സാഹചര്യത്തില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ സംബന്ധിച്ച് പ്രദീഷ് ചാക്കോയെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം പള്‍സര്‍ സുനിയും കൂട്ടുപ്രതികളും സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് അങ്കമാലി കോടതിയും പരിഗണിക്കും. സുനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകന്‍ അപേക്ഷയും സമര്‍പ്പിക്കും.
Get real time update about this post categories directly on your device, subscribe now.