ബിജെപി മെഡിക്കല്‍ കോഴ; വിവാദം ദേശീയ തലത്തിലേക്ക് വ്യാപിച്ചേക്കും

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദം ദേശീയ തലത്തിലേക്ക് വ്യാപിച്ചേക്കും. ഹവാല ഇടപാട് ഉളള കോഴ ആരോപണവും, അന്വേഷണ റിപ്പോര്‍ട്ടും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് സിപിഐ എം. വര്‍ക്കലയിലെ മെഡിക്കല്‍ കോളജിന് സീറ്റ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങി എന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ പോലീസ് അന്വേഷണം ഉണ്ടായേക്കുമെന്ന ഭയത്തിലാണ് കേരളത്തിലെ ബിജെപി നേതാക്കള്‍.

ബിജെപിയുടെ സംസ്ഥാന സമിതിയോഗം ശനിയാഴ്ച്ച ചേരുമ്പോള്‍ മെഡിക്കല്‍ കോളേജിന് സീറ്റ് അനുവദിക്കുന്നതില്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആക്ഷേപം ആവും ഇരുപക്ഷവും ഉയര്‍ത്തുക. സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പരാതിയുടെ വിഴുപ്പുഭാണ്ഡം ഇരുപക്ഷവും അഴിച്ച് ഇടും. അന്വേഷണ സമിതി അംഗങ്ങളായ കെ പി ശ്രീശന്‍, എ കെ നസീര്‍ , പാര്‍ട്ടി അദ്ധ്യക്ഷനായ കുമ്മനം, സംഘടന ജനറല്‍ സെക്രട്ടറിമാരായ ഗണേശനും, സുബാഷും മാത്രം കണ്ട റിപ്പോര്‍ട്ട് അതേ പടി പുറത്ത് വന്നത് ബിജെപി നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

നേതാക്കളായ ഇവരില്‍ ആരെങ്കിലും ചോര്‍ത്തി കൊടുക്കാതെ റിപ്പോര്‍ട്ട് അതേ പടി പുറത്ത് വരില്ലെന്നത് ഉറപ്പാണ്. പഴിചാരലും സംശയവുമായി നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പ് ഉയര്‍ന്ന് കഴിഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പേര് പറഞ്ഞ് കേള്‍ക്കുന്ന എം ടി രമേശിനെ കുരുതികൊടുക്കുന്നതിന് വേണ്ടി മുരളീധര വിഭാഗം കരുതി കൂട്ടി ഉയര്‍ത്തി കൊണ്ട് വന്നതാണ് ആരോപണം എന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ വാദം. എന്നാല്‍ കുമ്മനം രാജശേഖരന്റെ രാഷ്ട്രീയ പരിചയകുറവ് മുതലെടുത്ത് കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗപെടുത്തി എം ടി രമേശ് അടക്കമുളളവര്‍ അഴിമതി നടത്തുകയാണെന്ന് മുരളീധരവിഭാഗം ആരോപിക്കുന്നു.

ഹവാല പണം ചാര്‍ട്ടേഡ് ഫൈറ്റില്‍ കൊണ്ടുപോയി ദില്ലിയിലെ ബിജെപിക്കാരനായ ഇടനിലക്കാരന് നല്‍കി എന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ പലരെയും ഞെട്ടിച്ചിട്ടുണ്ട്. ഹവാല ഇടപാട് നടന്നതായി പാര്‍ട്ടി തന്നെ കണ്ടെത്തിയതോടെ സംസ്ഥാന ക്രൈംബ്രാഞ്ചിന് കേസെടുക്കാവുന്നതാണെന്ന് വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പീപ്പിളിനോട് പറഞ്ഞു. പണം വാങ്ങിയെന്ന് ബിജെപി നേതാക്കള്‍ അന്വേഷണ കമ്മീഷനോട് സമ്മതിച്ചതോടെ വിജിലന്‍സ് അന്വേഷണ സാധ്യതയും തളളി കളയാനാവില്ല. ബിജെപിയിലെ അഴിമതി ആക്ഷേപം രേഖകളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ സിപിഐഎം അംഗങ്ങള്‍ ഉന്നയിച്ചേക്കും.

ഇതോടെ സംസ്ഥാന വിഷയം എന്ന നിലയില്‍ മാത്രം കണ്ടിരുന്ന മെഡിക്കല്‍ കോളേജ് അഴിമതി ദേശീയ രാഷ്ട്രീയത്തേയും പ്രകമ്പനം കൊളളിക്കും. തങ്ങളെ തൊട്ടാല്‍ ചിലതൊക്കെ വിളിച്ച് പറയേണ്ടതായി വരുമെന്ന ഇടനിലകാരന്‍ സതീഷിന്റെ വെളിപെടുത്തല്‍ ചിലരുടെയൊക്കെ ഉറക്കം കെടുത്താന്‍ പോന്ന വിധത്തിലെ ശക്തമായ താക്കീതാണ്. ചായ കോപ്പയിലെ കൊടുകാറ്റ് പോലെ ഈ വിവാദം കെട്ടടങ്ങുമെന്ന് മാധ്യമങ്ങളെ വരുന്ന ശനിയാഴ്ച്ചയോടെ ബോധ്യപ്പെടുത്തി തരാമെന്നായിരുന്നു ഒരു പ്രമുഖ ബിജെപി നേതാവ് ഇത് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ പീപ്പിളിനോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News