ഐഎസ്എല്‍ താരലേലത്തില്‍ 199 കളിക്കാര്‍; മലയാളിതാരം അനസ് വിലയേറിയതാരം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലേക്കുള്ള വരും സീസണിന്റെ ഇന്ത്യന്‍ താരങ്ങളുടെ താരലേലത്തില്‍ 199 കളിക്കാര്‍. 1.10 കോടി രൂപയോടെ മലയാളി താരം അനസ് എടത്തൊടികയും മേഘാലയ താരം യൂജെന്‍സണ്‍ ലിങ്‌ദോയുമാണ് കൂടുതല്‍ വില നിശ്ചയിക്കപ്പെട്ടിരിക്കുന്ന കളിക്കാര്‍. ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന താരലേലത്തില്‍ കളിക്കാരെ പത്തു ഫ്രാഞ്ചൈസികള്‍ക്ക് വിളിച്ചെടുക്കാം.

കളിക്കാരനും ഐഎസ്എല്‍ അധികൃതരും തമ്മില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച തുകയായതിനാല്‍ ഇതില്‍ മാറ്റം വരില്ല. ആകെ 15 റൗണ്ടുകളാണ് ഡ്രാഫ്റ്റില്‍ ഉണ്ടാവുക. ഓരോ ടീമിലും 15 മുതല്‍ 18 ഇന്ത്യന്‍ താരങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. ഇതില്‍ രണ്ടു പേര്‍ അണ്ടര്‍ 21 താരങ്ങളായിരിക്കണം. നേരത്തെ മൂന്ന് അണ്ടര്‍ 21 താരങ്ങള്‍ അടക്കം അഞ്ചു പേരെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സമയം നല്‍കിയിരുന്നു. എട്ടു ടീമുകളിലായി 22 താരങ്ങള്‍ ഇങ്ങനെ കരാറിലായി. താരലേലത്തില്‍ ഉള്‍പ്പെടുന്ന കളിക്കാരുടെ പേരും അവര്‍ക്കു നിശ്ചയിച്ചിരിക്കുന്ന വിലയുമാണ് ഇന്നലെ പുറത്തു വിട്ടത്.

പുതിയ ക്ലബായ ജാംഷെഡ്പൂര്‍ എഫ്‌സിക്കാകും പ്ലെയര്‍ ഡ്രാഫ്റ്റിലെ ആദ്യ രണ്ടു റൗണ്ടുകളിലും ആദ്യം വിളിക്കാനുള്ള അവസരം. തുടര്‍ന്ന് ഡല്‍ഹി ഡൈനമോസിന് കളിക്കാരെ സ്വന്തമാക്കാം. പുതിയ ടീമിനെ ലക്ഷ്യമിടുന്ന ഡല്‍ഹി ഡൈനമോസ് ആരെയും നിലനിര്‍ത്തിയില്ല. ഒരു സീനിയര്‍ കളിക്കാരനെ മാത്രം നിലനിര്‍ത്തിയ എഫ്‌സി പുണെ സിറ്റി രണ്ടാം റൗണ്ടില്‍ ഇവര്‍ക്കൊപ്പം ചേരും. പിന്നീടുള്ള ആറു ക്ലബുകളില്‍ ചെന്നൈയിന്‍ എഫ്‌സി ഒഴികെയുള്ളവര്‍ക്ക് മൂന്നാം റൗണ്ട് ഡ്രാഫ്റ്റില്‍ പങ്കെടുക്കാം. പ്രധാന താരങ്ങളെ നിലനിര്‍ത്തിയ ചെന്നൈയിന്‍ എഫ്‌സി നാലാം റൗണ്ടില്‍ ചേരും.

പിന്നീടുള്ള റൗണ്ടുകളില്‍ ഓരോ ക്ലബിനും വിളിച്ചെടുക്കാനുള്ള ക്രമം ശനിയാഴ്ച നടക്കുന്ന നറുക്കെടുപ്പില്‍ തീരുമാനിക്കും. ഒരു ക്ലബ് സ്വന്തമാക്കിയ കളിക്കാരനെ മറിച്ചു വാങ്ങാനുള്ള ഇന്‍സ്റ്റന്റ് ട്രേഡിങ് കാര്‍ഡ് സംവിധാനം ഇത്തവണയുമുണ്ട്. മൂന്നാം റൗണ്ട് മുതലാണ് ഇതു തുടങ്ങുക. കളിക്കാരനെ ഒരു ക്ലബ് സ്വന്തമാക്കി 15 സെക്കന്‍ഡിനകം ബസറില്‍ വിരലമര്‍ത്തിയാല്‍ മറ്റൊരു ക്ലബിന് ഇതിന് അവസരമുണ്ടാകും. ഇരുക്ലബുകളുമായി നിശ്ചിത സമയത്തിനകം ചര്‍ച്ച നടത്തി കളിക്കാരനെ വില്‍പ്പന നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here