നടിയെ ആക്രമിച്ച കേസ്; പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പ്രതീഷ് ചാക്കോയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രതീഷ്ചാക്കോ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നിലവില്‍ പ്രോസിക്യൂഷന്‍ നല്‍കിയിട്ടുള്ള രേഖകള്‍ പ്രകാരം ഹര്‍ജിക്കാരനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണുള്ളതെന്നു കോടതി വിലയിരുത്തിയിരുന്നു. അതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിക്കു പ്രസക്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് പ്രതീഷ് ചാക്കോ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

അതേസമയം ചോദ്യം ചെയ്യലിനിടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ കാരണം രേഖപ്പെടുത്തി അറസ്റ്റ് സാധ്യമാണെന്നു ഹൈക്കോടതി അറിയിച്ചിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫിസിലെത്തി കൈമാറിയെന്നു സുനില്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

പോലീസിന്റെ നടപടി അഭിഭാഷക സമൂഹത്തെ ആകെ ബാധിക്കുന്നതാണെന്ന പ്രതീഷ് ചാക്കോയുടെ വാദം കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഒരിക്കല്‍ പ്രതീഷ് ചാക്കോയുടെ മൊഴി രേഖപ്പെടുത്തിയിരുന്നതായി പോലീസ് അറിയിച്ചു. പള്‍സര്‍ സുനി മൊബെല്‍ ഫോണ്‍ തനിക്ക് കൈമാറിയിരുന്നതായി അന്ന് സമ്മതിച്ചു. എന്നാല്‍ കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറാന്‍ അഭിഭാഷകന്‍ തയ്യാറാകുന്നില്ലന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News