‘വലിയ സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കൊന്നും കഴിയാത്ത സാഹിത്യ സമര്‍പ്പണമായിരുന്നു ആ ജീവിതം’; ആര്‍ ഐ ഷംസുദ്ദീനെക്കുറിച്ച് വി ജി തമ്പി എഴുതുന്നു

‘വലിയ സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കൊന്നും കഴിയാത്ത സാഹിത്യ സമര്‍പ്പണമായിരുന്നു ആ ജീവിതം’. അന്തരിച്ച അങ്കണം സാംസ്‌കാരികവേദി ചെയര്‍മാന്‍ ആര്‍ ഐ ഷംസുദ്ദീനെക്കുറിച്ച് സുഹൃത്ത് വി ജി തമ്പി എഴുതുന്നു:

‘സരസ്വതിയും ഞാനും കേരള വര്‍മ്മ കോളേജില്‍ സഹപാഠികള്‍ ആയിരുന്നു. സരസ്വതി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, ഷംസുദ്ദീന്‍ നാട്ടിക എസ് എന്‍ കോളേജ് ചെയര്‍മാനും കെഎസ്‌യു ജില്ലാ പ്രസിഡന്റും ഒക്കെ ആയി കോണ്‍ഗ്രസിന്റെ ഏറ്റവും തലയെടുപ്പുള്ള യുവ നേതാവ്.

‘അവര്‍ വിവാഹിതരായ വാര്‍ത്ത അന്ന് പലര്‍ക്കും ഞെട്ടലും കൂടുതല്‍ പേര്‍ക്കും ആവേശം ഉളവാക്കുന്നതുമായിരുന്നു. 40 വര്‍ഷം മുന്‍പത്തെ ആ മിശ്രവിവാഹം എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച തിളക്കമാര്‍ന്ന മതേതര കുടുംബത്തിന്റെ മാതൃകയായി. മതങ്ങള്‍ക്കപ്പുറമുള്ള ഉയര്‍ന്ന മാനവികതകള്‍ ഷംസുദ്ദീന്‍ ഞങ്ങള്‍ക്കെല്ലാം പ്രചോദനമായി.

കൊച്ചുബാവയില്‍ തുടങ്ങുന്ന തലമുറയിലെ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുക്കാരെല്ലാം ഷംസുദ്ദീന് സൗഹൃദാങ്കണത്തില്‍ അന്തസോടും അഭിമാനത്തോടും കൂടി വളര്‍ന്നു വന്നു. സമാനതകള്‍ ഇല്ലാതെ സാഹിത്യ സംഘാടനത്തിന്റെ ഒറ്റയാള്‍പ്പട്ടാളമായി ഷംസുദ്ദീന്‍ നിലകൊണ്ടു. വലിയ സാഹിത്യപ്രസ്ഥാനങ്ങള്‍ക്കൊന്നും കഴിയാത്ത സാഹിത്യസമര്‍പ്പണം ആയിരുന്നു അത്.

അങ്കണത്തിന്റെ ക്യാമ്പുകള്‍, ശില്പശാലകള്‍, ആദരിക്കലുകള്‍, പുരസ്‌കാരങ്ങള്‍ എല്ലാം കറ കളഞ്ഞ സാഹിത്യസമര്‍പ്പണങ്ങള്‍ തന്നെ ആയിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്തിട്ടുള്ള സാഹിത്യ ശില്പശാലകള്‍ അങ്കണം ഒരുക്കിയവയാണ്. എത്രയോ വില പിടിച്ച ഓര്‍മ്മകള്‍.

രാഷ്രീയത്തില്‍ കോണ്‍ഗ്രസിന്റെ ഇടറാത്ത വിശ്വാസി ആയിരുന്നിട്ടും എതിര്‍ രാഷ്ട്രീയക്കാരുമായും സാഹിത്യകാരന്മായും ഏറ്റവും നല്ല സൗഹൃദം സൂക്ഷിച്ചു, അത്ഭുതമാണത്.

ഷംസുദ്ദീന്റെ നിശ്ചലദേഹം കണ്ടിറങ്ങുമ്പോള്‍ സരസ്വതി വീര്‍പ്പടക്കി ‘തമ്പീ’ എന്ന് വിളിച്ചപ്പോള്‍ ദീര്‍ഘകാലത്തെ ഓര്‍മ്മകളുടെ വേദനകള്‍ എല്ലാം അണപൊട്ടി’.

‘പ്രിയപ്പെട്ട ഷംസുദ്ദീന്‍, സഫലമായ ജീവിതമായിരുന്നു. നന്മയുടെ അങ്കണത്തില്‍ സരസ്വതി ഒറ്റയാവില്ല എന്ന് മാത്രം സ്‌നേഹത്തോടെ’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here