ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം; എംബി രാജേഷിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു

ദില്ലി: സംസ്ഥാന ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. എംബി രാജേഷിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ മേശയ്ക്ക് ചുറ്റുംകൂടി നിന്ന് അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു.

വിവാദം ശക്തമായി ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എംബി രാജേഷ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോഴ ഇടപാടിന് തെളിവുണ്ടെന്നും ദേശീയ തലത്തില്‍ നടന്ന അഴിമതിയാണ് നടന്നതെന്നും എംബി രാജേഷ് വ്യക്തമാക്കി. ഇതോടെ സംസ്ഥാന വിഷയം എന്ന നിലയില്‍ മാത്രം കണ്ടിരുന്ന മെഡിക്കല്‍ കോളേജ് അഴിമതി ദേശീയ രാഷ്ട്രീയത്തേയും പ്രകമ്പനം കൊളളിക്കുകയാണ്.

അതേസമയം, വിഷയത്തില്‍ ബിജെപി കേരള നേതൃത്വത്തോട് കേന്ദ്രനേതൃത്വം റിപ്പോര്‍ട്ട് തേടി. നേതാക്കള്‍ കോഴ വാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിന് 5.60 കോടി രൂപ നല്‍കിയെന്നാണ് സമിതി കണ്ടെത്തിയത്. മെഡിക്കല്‍ കോളജിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്.ആര്‍ കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്ന് 5.60 കോടി രൂപയാണ് വാങ്ങിയത്.

വര്‍ക്കലയിലെ മെഡിക്കല്‍ കോളജിന് സീറ്റ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങി എന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ പൊലീസ് അന്വേഷണം ഉണ്ടായേക്കുമെന്ന ഭയത്തിലാണ് കേരളത്തിലെ ബിജെപി നേതാക്കള്‍. ബിജെപിയുടെ സംസ്ഥാന സമിതിയോഗം ശനിയാഴ്ച്ച ചേരുമ്പോള്‍ മെഡിക്കല്‍ കോളേജിന് സീറ്റ് അനുവദിക്കുന്നതില്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആക്ഷേപം ആവും ഇരുപക്ഷവും ഉയര്‍ത്തുക.

സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പരാതിയുടെ വിഴുപ്പുഭാണ്ഡം ഇരുപക്ഷവും അഴിച്ച് ഇടും. അന്വേഷണ സമിതി അംഗങ്ങളായ കെപി ശ്രീശന്‍, എകെ നസീര്‍, പാര്‍ട്ടി അദ്ധ്യക്ഷനായ കുമ്മനം, സംഘടന ജനറല്‍ സെക്രട്ടറിമാരായ ഗണേശനും, സുബാഷും മാത്രം കണ്ട റിപ്പോര്‍ട്ട് അതേ പടി പുറത്ത് വന്നത് ബിജെപി നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here