മരണം വിളിക്കുന്ന അക്കേഷ്യക്കുന്ന്

കല്‍പ്പറ്റ: കേരളത്തിന്റെ ജലവൈദ്യുത പദ്ധതികളില്‍ പ്രധാനപ്പെട്ടതായ ബാണാസുരസാഗറില്‍ മരണങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തിയ പ്രദേശമാണ് അക്കേഷ്യക്കുന്ന്. തരിയോട് പഞ്ചായത്തിലെ പന്ത്രണ്ടാം മൈലിനടുത്തുള്ള ഈ പ്രദേശത്ത് ആഴങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവനാണ്. എല്ലാ വര്‍ഷവും ഇവിടെ നിന്ന് ദുരന്തങ്ങളുടെ വാര്‍ത്തകളുണ്ടാകും. മരണത്തുരുത്തെന്ന് പ്രദേശവാസികള്‍ വിളിക്കുന്ന ഇവിടെ 20 മീറ്ററോളം ആഴമുണ്ട്.

പദ്ധതി നടപ്പാക്കിയപ്പോള്‍ ഒഴിപ്പിക്കപ്പെട്ട ഒരു ഗ്രാമമാണിത്. അടിത്തട്ടില്‍ കിണറുകളും അവശിഷ്ടങ്ങളും ഗര്‍ത്തങ്ങളും. കടുത്തവേനലിലും ജലനിരപ്പ് താഴാറില്ല. തൊട്ടടുത്ത് താമസിക്കുന്ന ആദിവാസികള്‍ പോലും പോകാന്‍ മടിക്കുന്ന ഇവിടെയാണ് കഴിഞ്ഞ ഞായറാഴ്ച ഏഴംഗസംഘം അപകടത്തില്‍പ്പെട്ടത്.

തിരച്ചില്‍ നാലു ദിവസമായപ്പോഴാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഇരുപത് വര്‍ഷമായി വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിലും അക്വേഷ്യ മരങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുന്നു. തോണിയിലോ മറ്റോ സഞ്ചരിക്കാന്‍ പ്രയാസമുള്ള ഇവിടെ തണുത്തുറഞ്ഞ കട്ടിയുള്ള ജലമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും പലപ്പോഴും ദുഷ്‌കരമാണ്.

ബാണാസുരന്‍ മലനിരയുടെ ഒരു ഭാഗത്തുനിന്നും വീശിയടിക്കുന്ന ശക്തമായ കാറ്റും ഇവിടെ എപ്പോഴുമുണ്ട്. കഴിഞ്ഞ വര്‍ഷം ചെന്ദലോട് റൗഫ് എന്നയാളും ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആദിവാസി യുവാവ് ബാബുവും ഇവിടെ മരണപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News