മെഡിക്കല്‍ കോഴ ആരോപണവും അന്വേഷണവും സ്ഥിരീകരിച്ച് കുമ്മനം; നേതാക്കള്‍ക്ക് ബന്ധമുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി; ആരോപണത്തിന് പിന്നില്‍ നേതാക്കളുടെ ഗൂഢാലോചനയെന്ന് ആര്‍.എസ് വിനോദ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഴിമതിയെ തുടച്ചു നീക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് ബിജെപി. അതുകൊണ്ടാണ് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അതേപ്പറ്റി അന്വേഷിക്കാന്‍ നടപടി സ്വീകരിച്ചത്. തുടര്‍ നടപടികള്‍ ഉചിതമായ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്നും കുമ്മനം പറഞ്ഞു.

മെഡിക്കല്‍ കോളേജ് കോഴ വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുളളതാണെന്നും കുമ്മനം വിശദീകരിച്ചു. അഴിമതിയുമായി ഏതെങ്കിലും ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടാല്‍ മുഖം നോക്കാതെ നടപടിയുണ്ടാകും. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കുമ്മനം പറഞ്ഞു.

അതേസമയം, മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ഏത് അന്വേഷണം നടന്നാലും തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളേജ് പോയിട്ട് നഴ്‌സറി സ്‌കൂള്‍ പോലും വാങ്ങി നല്‍കാന്‍ കഴിയാത്തയാളാണ് താന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ആരോപണം ഉന്നയിച്ച മെഡിക്കല്‍ കോളേജ് ഉടമയെ അറിയില്ല. കോളേജ് ഉടമയില്‍ നിന്ന് പണം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും രമേശ് പറഞ്ഞു.

ആരോപണത്തിനു പിന്നില്‍ മുതിര്‍ന്ന നേതാക്കളുടെ ഗൂഢാലോചനയെന്ന് ആര്‍.എസ് വിനോദ് പറഞ്ഞു. താന്‍ പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയെന്നും തന്നെ കുടുക്കുകയാണെന്നും വിനോദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here