ബിജെപിയിലെ പൊട്ടിത്തെറി പരസ്യമായി; അഴിമതിക്കാര്‍ക്കെതിരെ നടപടിവേണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അഴിമതി ബിജെപിയിലെ ഗ്രൂപ്പ് പോരിന് ആക്കം കൂട്ടുന്നു. സംസ്ഥാന ബി ജെ പിയെ പിടിച്ചു കുലുക്കിയ കോഴക്കഥ പുറത്തറിഞ്ഞതോടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും മൂര്‍ച്ഛിച്ചു. അഴിമതിക്കാര്‍ക്കെതിരെ പരസ്യവിമര്‍ശനവുമായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ രംഗത്തെത്തി.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് കൃത്യമായ അറിവില്ലെന്നു പറഞ്ഞ മുരളീധരന്‍ അഴിമതിക്കാരായ ആരെങ്കിലും പാര്‍ട്ടില്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. നാളെ ചേരുന്ന പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും ദേശീയ നിര്‍വ്വാഹക സമിതി അംഗം കൂടിയായ മുരളീധരന്‍ വ്യക്തമാക്കി.

അഴിമതിക്കാരായ ആരും ബിജെപിയില്‍ ഉണ്ടാവില്ലെന്നു പറഞ്ഞ മുരളിധരന്‍ അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സൂചിപ്പിച്ചു. സംസ്ഥാനത്തെ സംഘടന ചുമതല തനിക്കില്ലെന്നു പറഞ്ഞ മുരളി അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം അഴിമതിക്കഥ പുറത്തുവന്നതോടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍മാര്‍ തമ്മിലുളള പോരാട്ടത്തിന് കൂടിയാണ് സംസ്ഥാന ബി ജെ പിയില്‍ കളമൊരുങ്ങിയിരിക്കുന്നത്. പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരാണ് വര്‍ക്കല മെഡിക്കല്‍ കോളേജ് അഴിമതിക്കുപിന്നിലെന്നാണ് മുരളി പക്ഷം വാദിക്കുന്നത്. എന്നാല്‍ എല്ലാ നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ തിരിച്ചടി. അതിന് ഉദാഹരണമാണ് കോഴ വാങ്ങിയതിനു പിന്നില്‍ എം ടി രമേശിന് പങ്കുണ്ടെന്ന കണ്ടെത്തലെന്നും അവര്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News