ഉത്സവ കമ്മറ്റിയില്‍ തര്‍ക്കം; താരമായി മംഗലാംകുന്ന് അയ്യപ്പന്‍

തൃശൂര്‍: തലയെടുപ്പുള്ള കൊമ്പന്‍മാരെ അണിനിരത്തി പ്രൗഢിയില്‍ മുമ്പിലെത്താന്‍ ദേശക്കാര്‍ പൊന്നും വളയും വിറ്റും വാശി തീര്‍ക്കുന്ന ഉത്സവമാണ് തൃശൂരുകാര്‍ക്ക് മീനഭരണി. രണ്ടായിരത്തി പതിനെട്ടിലെ മീനഭരണി ഉത്സവത്തിനായി നാളുകള്‍ക്ക് മുമ്പേ കരക്കാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു.

ആവേശം കൊടുമ്പിരി കൊള്ളുന്നതിനും മുമ്പേ തൃശൂര്‍ കൊഴുക്കുള്ളി ചീരക്കാവ് ക്ഷേത്രം ദേവസ്വമാണ് താരമായത്. ഒരുമുഴം മുമ്പേയെന്ന കണക്കില്‍ തലയെടുപ്പുള്ള മംഗലാംകുന്ന് അയ്യപ്പനെ മുന്നേ കൂട്ടി കരാര്‍ ഉറപ്പിച്ചു ചീരക്കാവ് ക്ഷേത്രം കമ്മറ്റി. ഒന്നേകാല്‍ ലക്ഷം ഒരു വര്‍ഷം മുമ്പേ ആനക്കാരന്റെ വീട്ടിലെത്തിച്ചാണ് ദേവസ്വം കമ്മറ്റിക്കാര്‍ ബുദ്ധി തെളിയിച്ചത്.

തലയെടുപ്പുള്ള കൊമ്പനാണ് തിടമ്പ് ലഭിക്കുകയെന്നതിനാല്‍ തെക്കുമുറി, വടക്കുമുറി, ടൂ സ്റ്റാര്‍, യുവരശ്മി, സെന്റര്‍ സമുദായം തുടങ്ങിയ ദേശക്കാര്‍ തലപ്പൊക്കമുള്ള ആനയ്ക്കായി നെട്ടോട്ടമോടി. എന്നാല്‍ മംഗലാംകുന്ന് അയ്യപ്പനേക്കാള്‍ ഉയരംകൂടിയ ആനകള്‍ക്ക് ബുക്കിംഗ് പൂര്‍ത്തിയായതിനാല്‍ ദേശക്കാര്‍ നിരാശയിലായി. തോറ്റുമടങ്ങിയെങ്കിലും കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന മട്ടില്‍ ദേശക്കാര്‍ തമ്മില്‍ വാക്‌പോരും ഫഌ്‌സ് പോരും തുടങ്ങി. ഒടുവില്‍ തര്‍ക്കപരിഹാരത്തിനായി ചീരക്കാവ് ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ ചര്‍ച്ചയോട് ചര്‍ച്ച. ചര്‍ച്ചക്കിടെ ദേശക്കാര്‍ തമ്മില്‍ അടിപിടിയുടെ വക്കിലെത്തിയപ്പോള്‍ കഥമാറി.

മംഗലാംകുന്ന് അയ്യപ്പനെ ലേലത്തില്‍ വെക്കുകയെന്ന ഐഡിയ ഒടുവില്‍ ദേശക്കാര്‍ തന്നെ മുമ്പോട്ടുവച്ചു. പണത്തൂക്കത്തില്‍ മുമ്പിലെത്തുന്ന ദേശത്തിന് ആനയെയും തിടമ്പും ലഭിക്കുമെന്ന കരാറില്‍ ലേലം വിളി തുടങ്ങി. ഒന്നര ലക്ഷത്തിന് തെക്കുമുറി ദേശമാണ് തുടക്കമിട്ടത്. പിടിച്ച പിടി വിട്ടുതരില്ലെന്ന വാശിയോടെ ടൂ സ്റ്റാര്‍ കടത്തിവെട്ടി തുക അഞ്ച് ലക്ഷത്തിലെത്തിച്ചു. വടക്കുമുറിക്കാന്‍ ഒട്ടും പിന്നിലല്ല എന്നറിയിച്ച് ആറ് ലക്ഷം വിളിച്ചു. ടൂ സ്റ്റാര്‍ വീണ്ടും എട്ടരയിലും വടക്കുമുറി ഒന്‍പതിലും പിടിച്ചു. ഇനിയങ്ങോട്ട് ആരും വിളിക്കാനുണ്ടാകില്ലെന്ന ചങ്കുറപ്പിന്‍മേല്‍ ടൂ സ്റ്റാര്‍ വീണ്ടും കയറ്റി ഒന്‍പതേകാലിലെത്തി.

എന്ത് വന്നാലും മംഗലാംകുന്ന് അയ്യപ്പനെ വിട്ടുതരില്ലെന്ന വാശിയോടെ വടക്കുമുറി ഒന്‍പതര ലക്ഷത്തിലെത്തി. ഇതോടെ മറ്റ് ദേശക്കാര്‍ക്ക് ഉരിയാടാനാകാതെ കേട്ടിരിക്കാനേ കഴിഞ്ഞുള്ളു.

അങ്ങനെ അടുത്ത കൊല്ലം മീനഭരണിക്ക് ചീരക്കാവ് ക്ഷേത്രം ഒന്നേകാല്‍ ലക്ഷത്തിന് കരാറെടുത്ത ആന ഒന്‍പതര ലക്ഷത്തിന് വടക്കുമുറി ദേശക്കാര്‍ക്ക് തിടമ്പേറ്റാനെത്തും. ലേലംവിളിയിലൂടെ ലഭിച്ച തുക ക്ഷേത്രം പുനരുദ്ധാരണത്തിന് ഉപയോഗിക്കുമെന്ന് ദേവസ്വം അറിയിച്ചു. ഇതോടെ വടക്കുമുറി ദേശക്കാര്‍ക്ക് കൊഴുക്കുള്ളില്‍ രാജകീയ പരിവേഷം ലഭിച്ചെങ്കിലും ഒറ്റ രൂപ പോലും അധികം ലഭിക്കാത്ത മംഗലാംകുന്ന് അയ്യപ്പന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ രാജേഷിന്റെ കണ്ണുകളിലെ നനവ് ഇപ്പോഴും തോര്‍ന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News